BoolokamBoolokam
വെള്ളാപ്പള്ളി കാണുക! തവനൂരിലൂടെ മലപ്പുറം നൽകുന്നത് നിങ്ങളുടെ വിദ്വേഷ ചിന്തകൾക്കുള്ള ചുട്ടമറുപടി...

വെള്ളാപ്പള്ളി കാണുക! തവനൂരിലൂടെ മലപ്പുറം നൽകുന്നത് നിങ്ങളുടെ വിദ്വേഷ ചിന്തകൾക്കുള്ള ചുട്ടമറുപടി...

M
MadhyamamSource Link
മലപ്പുറം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയേറെ സവിശേഷതകളുള്ള മറ്റൊരു ജനവിധി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തവനൂരിൽ കെ.ടി. ജലീലിന്റെ പരാജയവും വി.എസ്. ജോയിയുടെ ഉജ്ജ്വല വിജയവും കേവലമൊരു സീറ്റ് മാറ്റമല്ല, അത് ഒരു നാടിന്റെ ആത്മാഭിമാനത്തിന്റെ പോരാട്ടമായിരുന്നു. മലപ്പുറത്തിന്റെ മതേതര മണ്ണിൽ വർഗീയതയുടെ വിത്തുപാകാൻ ശ്രമിച്ചവർക്ക് തവനൂർ നൽകിയത് ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ കാവ്യാത്മക നീതി. കുറച്ചുകാലം മുൻപ്, മലപ്പുറം ജില്ലയിൽ ഇതര മതസ്ഥർ ശ്വാസംമുട്ടിയാണ് കഴിയുന്നതെന്നും അവിടെ മുസ്‍ലിം ആധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശം കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ, ആ വിഷലിപ്തമായ പ്രസ്താവനയെ തള്ളിപ്പറയുന്നതിന് പകരം, പത്രസമ്മേളനം വിളിച്ച് അതിനെ ന്യായീകരിക്കുകയാണ് അന്ന് കെ.ടി. ജലീൽ ചെയ്തത്. മലപ്പുറത്തിന്റെ മതേതര പാരമ്പര്യത്തെയും സാഹോദര്യത്തെയും ഒറ്റിക്കൊടുത്ത ജലീലിനോടുള്ള പകരംവീട്ടലിനായി മലപ്പുറം കാത്തുവെച്ചത് വേറിട്ടൊരു വഴിയായിരുന്നു. മുസ്‍ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ, മുസ്‍ലിം മതസ്ഥനായ ഭരണപക്ഷത്തെ പ്രമുഖ നേതാവിനെ തോൽപ്പിക്കാൻ യു.ഡി.എഫ് അണിനിരത്തിയത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള യുവനേതാവ് വി.എസ്. ജോയിയെ. മണ്ഡലത്തിൽ ന്യൂനാൽ ന്യൂനപക്ഷമായ ഒരു വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ നെഞ്ചിലേറ്റിക്കൊണ്ട്, തങ്ങൾക്കെതിരെ ഉയർന്ന 'വിവേചന' ആരോപണങ്ങളെ മലപ്പുറം കടലിലെറിഞ്ഞു. ജില്ല ഒന്നടങ്കം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നിലയുറപ്പിച്ചപ്പോൾ, രാഷ്ട്രീയ നേട്ടങ്ങൾ മുന്നിൽകണ്ട് അതിനെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയ ജലീലിന് മലപ്പുറത്തിന്റെ മതേതര വോട്ടർമാർ നൽകിയ ഈ ശിക്ഷ കേരള രാഷ്ട്രീയത്തിൽ പുതിയൊരു പാഠപുസ്തകമാണ്. ‘വിറയ്ക്കുന്ന കൈകളോടെ വിജയവാർത്ത എഴുതേണ്ടി വരും’ എന്ന് മാധ്യമങ്ങളെ വെല്ലുവിളിച്ച ജലീലിന്റെ അഹന്തയ്ക്കേറ്റ പ്രഹരം കൂടിയായി ഈ ജനവിധി. സ്വന്തം തട്ടകത്തിൽ ആത്മബന്ധമുണ്ടെന്ന് അവകാശപ്പെട്ടപ്പോഴും, വോട്ടർമാരുടെ മനസ്സിൽ പുകഞ്ഞ അമർഷം തിരിച്ചറിയാൻ ജലീലിന് കഴിഞ്ഞില്ല. മുസ്‍ലിം ലീഗിന്റെ സംഘടനാ കരുത്തും വി.എസ്. ജോയിയുടെ വ്യക്തിപ്രഭാവവും ഒത്തുചേർന്നപ്പോൾ തവനൂർ ചരിത്രം തിരുത്തി. കോൺഗ്രസും ലീഗും ഒരുമനസ്സോടെ പട നയിച്ചപ്പോൾ മണ്ഡലത്തിൽ വർഷങ്ങൾ കൊണ്ട് ജലീൽ പടുത്തുയർത്തിയ പ്രഭാവമെല്ലാം തകർന്നുവീണു. ജലീലിന്റെ പരാജയത്തേക്കാൾ വി.എസ്. ജോയിയുടെ ഈ വിജയം ചർച്ചയാകുന്നത് ഇതുകൊണ്ടാണ്. നിങ്ങൾ പറയുന്നത് ഞങ്ങൾ വിവേചനം അനുഭവിക്കുന്നു എന്നാണോ? എങ്കിൽ നോക്കൂ, ഞങ്ങളെ നയിക്കാൻ ഞങ്ങൾ തെരഞ്ഞെടുക്കുന്നത് ഈ സഹോദര സമുദായാംഗത്തെയാണ് എന്ന കരുത്തുറ്റ പ്രഖ്യാപനമാണ് തവനൂർ നടത്തിയത്. ഒരു വിഭാഗത്തെ അപരവൽക്കരിക്കാൻ ശ്രമിച്ചവർക്ക്, അതേ വിഭാഗത്തിൽപ്പെട്ട ഒരാളെ തന്നെ വിജയിപ്പിച്ചു കാണിച്ച് മതേതരത്വത്തിന്റെ കരുത്ത് ബോധ്യപ്പെടുത്തിയ തവനൂർ മോഡൽ വരുംകാല രാഷ്ട്രീയത്തിൽ എക്കാലത്തും ഓർത്തുവെക്കപ്പെടും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!