തുറവൂർ: വേനൽ കടുത്തതോടെ ദുരിതത്തിലായിരിക്കുന്നത് മത്സ്യമേഖലയിലെ തൊഴിലാളി കുടുംബങ്ങൾ. കടലിലും കായലിലും തൊഴിലെടുത്ത് ജീവിക്കുന്നവരും അനുബന്ധതൊഴിലാളികളും അടങ്ങുന്ന അരൂർ മേഖലയിലെ കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. കടലിലെ താപനില ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോകുന്നതിനാൽ കറിക്ക് പോലും മീൻ കിട്ടാതെയാണ് പല വളളങ്ങളും കരയിലെത്തുന്നത്. മത്സ്യബന്ധനം നടത്തുന്ന പൊന്തുവള്ളങ്ങൾ പോലും കടലിൽ ഇറക്കിയിട്ട് ദിവസങ്ങളായെന്നാണ് തൊഴിലാളികൾ പറയുന്നത്. ആയിരങ്ങൾ ചെലവഴിച്ച് വള്ളങ്ങൾ കടലിലിറക്കിയാൽ ഇന്ധനച്ചിലവിനുള്ള വകപോലും കിട്ടാതെയാണ് പല വളളങ്ങളും മടങ്ങുന്നത്. കടുത്തചൂട് ഉൾനാടൻ മത്സ്യമേഖലയേയും ബാധിച്ചത് കായലോര തൊഴിലാളി കുടുംബങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കക്ക വാരിയും ഉൾനാടൻ മത്സ്യബന്ധനത്തെയും ആശ്രയിച്ച് നൂറു കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ചൂട് കടുത്തതോടെ കക്കയുടെയും ഉൾനാടൻമീനുകളും കിട്ടാനില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഉൾനാടൻ മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്നതിൽ അധികവും സ്ത്രീകളാണ്. പുരുഷന്മാർ കായലിൽ പോയി പിടിച്ച് കൊണ്ടുവരുന്ന മീനും കോരിയെടുക്കുന്ന കക്കയും വിൽപന നടത്തുന്നത് അധികവും സ്ത്രീകളാണ്. അതുതന്നെയാണ് മിക്ക കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗം. സാധാരണയായി പെയ്തിരുന്ന വേനൽമഴയും ഇല്ലാതായതോടെ മത്സ്യത്തൊഴിലാളി മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഇങ്ങനെ തുടർന്നാൽ പല കുടുംബങ്ങളും കൊടും പട്ടിണിയിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

വേനലിൽ മത്സ്യക്ഷാമം രൂക്ഷം: മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
M
MadhyamamSource Link
20 days ago