വേനൽമഴയുടെ ഇടവേളകളിലെ ഉഷ്‌ണതരംഗം കേരള തീരത്ത് ഭീഷണിയെന്ന് പഠനം

വേനൽമഴയുടെ ഇടവേളകളിലെ ഉഷ്‌ണതരംഗം കേരള തീരത്ത് ഭീഷണിയെന്ന് പഠനം

തിരുവനന്തപുരം: വേനൽ മഴയുടെ ഇടവേളകളിൽ കേരളത്തിലെ തീരദേശ പ്രദേശങ്ങൾ ഈർപ്പമുള്ള ഉഷ്ണതരംഗങ്ങൾക്ക് ഇരയാകുന്ന പ്രവണത വർധിച്ചു വരുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പഠനത്തിൽ കണ്ടെത്തി. മൺസൂൺ ഇടവേളകളിൽ സംസ്ഥാനത്തെ തീരദേശ ജില്ലകൾ ഉയർന്ന തോതിൽ ഈർപ്പമുള്ള ഉഷ്ണതരംഗ സാധ്യത നേരിടുന്നതായാണ് യു.കെ യിലെ റീഡിങ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. യു.കെ, ഇന്ത്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പഠനവിവരങ്ങൾ ക്ലൈമറ്റ് ഡയനാമിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർധിക്കുന്ന ഉഷ്‌ണതരംഗം കേരളത്തിൽ വലിയ അപകടസാധ്യത ഉയർത്തുന്നതായും പഠനം മുന്നറിയിപ്പ് നൽകുന്നു. തീരദേശ ജില്ലകളിൽ ഈ ഉഷ്ണസമ്മർദ്ദം വർധിക്കുമ്പോൾ അത് അവിടത്തെ ജനങ്ങൾക്കിടയിൽ അപകടകരമായ വിധത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. തീരദേശ ജില്ലകളിൽ വേനൽക്കാല മഴയുടെ സമയത്ത് ഈർപ്പമുള്ള ഉഷ്ണതരംഗ സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ യു.കെയിലെ റീഡിങ് സർവകലാശാല പ്രഫസർ ഡോ. അക്ഷയ് ദേവറസ് പറയുന്നു. ‘വെറ്റ് ബൾബ് ടെംപെറേച്ചർ’ എന്ന സങ്കേതം ഉപയോഗിച്ച് അളക്കുന്ന ഈ പ്രതിഭാസം വരണ്ട ചൂടിനേക്കാൾ അപകടകരമാണ്. കാരണം, വായുവിൽ ഈർപ്പം കൂടുതലായാൽ ശരീരത്തിന്റെ പ്രധാന തണുപ്പിക്കൽ പ്രക്രിയയായ വിയർപ്പിന്റെ ആവിയാകൽ മന്ദഗതിയിലാവുകയോ പൂർണ്ണമായി നിലച്ചുപോകുകയോ ചെയ്യുന്നു. ലീഡ്‌സ് യൂണിവേഴ്‌സിറ്റി, യു.കെ മെറ്റ് ഓഫീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി എന്നിവയിലെ ശാസ്ത്രജ്ഞരും പഠനത്തിൽ പങ്കാളികളായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽമഴയുടെ ഇടവേളകളിലെ ഉഷ്‌ണതരംഗം കേരള തീരത്ത് ഭീഷണിയെന്ന് പ… | Boolokam