വൈദ്യുതനിലയങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യ കത്തും- ട്രംപിന് താക്കീതുമായി ഇറാൻ

വൈദ്യുതനിലയങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യ കത്തും- ട്രംപിന് താക്കീതുമായി ഇറാൻ

M
MadhyamamSource Link
തെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ ശക്തമായ താക്കീതുമായി ഇറാൻ. തങ്ങളുടെ വൈദ്യുത നിലയങ്ങൾക്കുനേരെ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിൽ യു.എസിന്‍റെ‍യും പ്രാദേശിക ഭരണകൂടത്തിന്‍റെതുമാ‍യ ഇന്ധന, ഊർജ, ഉപ്പുജല ശുദ്ധീകരണ പ്ലാന്‍റുകൾക്കുനേരെ ആക്രമണമുണ്ടാകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങളിലെ കുടിവെള്ളം മുട്ടിക്കുമെന്നും ഇറാൻ മുന്നറിയിപ്പുനൽകി. “നേരത്തെുള്ള മുന്നറിയിപ്പുപോലെ ഇറാന്റെ ഇന്ധന, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ, യു.എസിന്റെയും മേഖലയിലെ ഭരണകൂടത്തിന്റെയും എല്ലാ ഊർജ്ജ, ഉപ്പുജല സുദ്ധീകരണ പ്ലാന്‍റുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും” ഇറാന്റെ സൈനിക കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ഹുർമുസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ, ഇറാന്‍റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിരപ്പെടുത്തി മണിക്കൂറുകൾക്കകമാണ് ഇറാൻ സൈന്യത്തിന്‍റെ ശക്തമായ മറുപടി വന്നത്. യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇസ്രായേലിലെ തന്ത്രപ്രധാന ആണവ കേന്ദ്രം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നതും ശ്രേദ്ധേയമാണ്. 180 ലധികം പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലെ ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചത്. ആക്രമണങ്ങളിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ തകരുകുയം നിലത്ത് ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി വാർത്താ എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു. ഡിമോണയിലും ആറാദിലും വിക്ഷേപിച്ച ഇന്റർസെപ്റ്ററുകൾ ഭീഷണികളെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്നും അതിന്റെ ഫലമായി ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് രണ്ട് തവണ താഴേക്ക് പതിച്ചതായും അഗ്നിശമന സേനാംഗങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാ സമുദ്രത്തിലെ യു.എസ്- യു.കെ സംയുക്ത സൈനിക താവളത്തിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. യു.എസ്, ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 2,000-ത്തിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാനിയൻ ആക്രമണങ്ങളിൽ ഇസ്രായേലിൽ 15 പേർക്ക് ജീവൻ നഷ്ടമായി. ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. സുപ്രധാന കപ്പൽപാതയായ ഹുർമുസ് കടലിടുക്ക് ഒരുപ്രത്യേക ഘട്ടത്തിൽ 'സ്വയം തുറക്കും' എന്നും ചൈന അതിൽ ഇടപെട്ടാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. പേർഷ്യൻ ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഇടനാഴിയായ ഹുർമുസ് കടലിടുക്ക്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിൽ ഒന്നാണ്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും ഹുർമുസ് വഴിയാണ്. യു.എസിനും അതിന്റെ സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും പാത തുറന്നുകൊടുക്കും എന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാടെങ്കിലും, ആക്രമണ ഭീഷണി മൂലം കപ്പൽ ഗതാഗതം പകുതിയിലധികം കുറഞ്ഞു. നിലവിൽ, ഇന്ത്യ, ചൈന, പാകിസ്താൻ, തുർക്കി, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് ഇറാൻ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈദ്യുതനിലയങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യ കത്തും- ട്രംപിന് താക… | Boolokam