പറളി: വൈദ്യുതി തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറി രക്തസമ്മർദത്താൽ തളർന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ ഹോം ഗാർഡിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ചു. പറളി വൈദ്യുതി സെക്ഷൻ ഓഫിസിലെ ജീവനക്കാരനാണ് ജീവൻ തിരിച്ചു കിട്ടിയത്. വെള്ളിയാഴ്ച രാവിലെ പത്തിന് സംസ്ഥാന പാതയിൽ കല്ലേക്കാടിന് സമീപം കിഴക്കഞ്ചേരിക്കാവിൽ വൈദ്യുതി തകരാർ പരിശോധിക്കാൻ പോസ്റ്റിൽ കയറിയ ജീവനക്കാരൻ പോസ്റ്റിന് മുകളിൽ എത്തിയതും രക്തസമ്മർദത്താൽ തളർന്ന് ലൈനിലേക്ക് ചെരിഞ്ഞു. അരയിൽ കെട്ടിയ കയർ പോസ്റ്റുമായി ബന്ധിച്ചിരുന്നതിനാൽ താഴേക്ക് വീണില്ല. സഹപ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ നിരതരായിരിക്കെ അതുവഴി ജോലി കഴിഞ്ഞ് വരികയായിരുന്ന കഞ്ചിക്കോട് അഗ്നിരക്ഷാനിലയത്തിലെ ഹോം ഗാർഡ് ഫിലേന്ദ്രൻ കെ.എസ്.ഇ.ബി ജീവനക്കാരോടും മറ്റും രണ്ട് കോണികൾ എത്തിക്കാൻ ആവശ്യപ്പെട്ടു. ഒരു കോണിയിൽ രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരോട് കയറാൻ നിർദേശിച്ച് മറ്റൊന്നിൽ ഫിലേന്ദ്രനും കയറി. തുടർന്ന്, ലൈനിൽ കുടുങ്ങിയ ജീവനക്കാരനെ ഫയർമാൻ ലിഫ്റ്റ് മെത്തേഡിൽ താഴെയിറക്കുകയും ഉടനെ ആംബുലൻസിൽ കയറ്റി പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചു. ഹോം ഗാർഡ് ഫിലേന്ദ്രനെ കഞ്ചിക്കോട് അഗ്നിരക്ഷ നിലയത്തിലെ ഉദ്യാഗസ്ഥർ അഭിനന്ദിച്ചു.

വൈദ്യുതി ലൈനിൽ തളർന്നുവീണ ജീവനക്കാരനെ രക്ഷിച്ചു; തുണയായത് ഹോം ഗാർഡിന്റെ സമയോചിത ഇടപെടൽ
M
MadhyamamSource Link
22 days ago