വൈവിധ്യമാർന്ന വായനാനുഭവങ്ങളുമായി ‘ചില്ല’; റിയാദിൽ മാർച്ച് മാസ പുസ്തക ചർച്ച സംഘടിപ്പിച്ചു

വൈവിധ്യമാർന്ന വായനാനുഭവങ്ങളുമായി ‘ചില്ല’; റിയാദിൽ മാർച്ച് മാസ പുസ്തക ചർച്ച സംഘടിപ്പിച്ചു

റിയാദ്: വ്യത്യസ്തങ്ങളായ നാല് കൃതികളുടെ വായനാനുഭവങ്ങൾ പങ്കുവെച്ച് റിയാദിലെ ചില്ല സർഗവേദിയുടെ മാർച്ച് മാസത്തിലെ വായനാപരിപാടി സംഘടിപ്പിച്ചു. ഷിംന സീനത്ത് ഫലസ്തീനിയൻ എഴുത്തുകാരി യാസ്മിൻ സഹീറിെൻറ ‘ദി കോയിൻ’ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. നായികയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു നാണയം അവളുടെ പഴയ മുറിവുകളെയും മാനസിക ഭാരങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തമായ രൂപകമായാണ് ഈ കൃതിയിൽ അവതരിപ്പിക്കപ്പെടുന്നത്. ന്യൂയോർക്കിലേക്ക് കുടിയേറിയ ശേഷവും നായികയുടെ ഫലസ്തീനിയൻ അസ്തിത്വം മാറുന്നില്ല എന്ന വസ്‌തുത ഷിംന തെൻറ വായനയിൽ അടിവരയിട്ടു. അരുന്ധതി റോയിയുടെ പ്രസംഗത്തിെൻറയും അഭിമുഖ സംഭാഷണത്തിെൻറയും സമാഹാരമായ ‘കനിവോടെ കൊല്ലുക’ എന്ന പുസ്തകത്തെക്കുറിച്ച് നജിം കൊച്ചുകലുങ്ക് സംസാരിച്ചു. രാജ്യത്തിെൻറ നൈതികതയിലുണ്ടാകുന്ന ഇടിവ്, അസമത്വം, ക്രൂരത എന്നിവയ്‌ക്കെതിരായ ശക്തമായ പ്രതിഷേധ ശബ്ദമാണ് ഈ കൃതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പെരുമാൾ മുരുകെൻറ ‘കീഴാളൻ’ എന്ന നോവലിെൻറ അവതരണം നിർവഹിച്ചത് സീബ കൂവോടാണ്. സമൂഹത്തിെൻറ അടിത്തട്ടിൽ അവഗണനയും നിന്ദയും പരിഹാസവും ഏറ്റുവാങ്ങുന്ന ചക്കിളിയൻ വിഭാഗത്തിെൻറ ജീവിതമാണ് ഈ നോവൽ പ്രമേയമാക്കുന്നത്. വിശപ്പടക്കാൻ വേണ്ടി ജന്മികളായ ഗൗണ്ടർമാരുടെ വയലേലകളിലും തൊഴുത്തുകളിലും രാവന്തിയോളം പണിയെടുക്കുന്ന മനുഷ്യരുടെ അതിജീവന കഥയാണ് ഇതിൽ പറയുന്നത്. ആനന്ദിെൻറ ‘രക്തവും സാക്ഷികളും’ എന്ന പുസ്തകം വിപിൻ കുമാർ അവതരിപ്പിച്ചു. ലോകം സമീപകാലത്ത് അഭിമുഖീകരിച്ച യുദ്ധങ്ങൾ, മഹാമാരികൾ, പ്രളയം തുടങ്ങിയവ മനുഷ്യചരിത്രത്തിൽ എങ്ങനെ ഇടപെട്ടു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചയാണ് ഈ പുസ്തകമെന്ന് വിപിൻ പറഞ്ഞു. സമകാലീന സാഹിത്യവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും ചർച്ചാവിഷയമായ ചടങ്ങിൽ റഫീഖ് പന്നിയങ്കര, മൂസ കൊമ്പൻ, ഫെബിൻ ഇക്ബാൽ, ഷബി അബ്ദുൽ സലാം, അനസ് നസീർ, കെ.പി.എം. സാദിഖ് എന്നിവർ പങ്കെടുത്തു. നാസർ കാരകുന്ന് മോഡറേറ്ററായ ചർച്ചകൾക്ക് ജോമോൻ സ്റ്റീഫൻ സമാപനം കുറിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈവിധ്യമാർന്ന വായനാനുഭവങ്ങളുമായി ‘ചില്ല’; റിയാദിൽ മാർച്ച് മ… | Boolokam