കോഴിക്കോട്: പാലക്കാട്ട് നിശ്ശബ്ദ പ്രചാരണത്തിന്‍റെ ദിവസമായ ഇന്ന് വോട്ടിന് വേണ്ടി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങൾക്കുമുന്നിൽ ഉത്തരംമുട്ടി എൻ.ഡി.എയുടെ ക്ലാസ് സ്ഥാനാർഥി ശോഭാ സുരേന്ദ്രനും ബി.ജെ.പിയും. സംഭവം വൻവിവാദമായതോടെ പ്രതിരോധിക്കാനായി വാർത്താസമ്മേളനം വിളിച്ച ശോഭാ സുരേന്ദ്രനും ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻപോലും കഴിഞ്ഞില്ല. പുറത്തുവന്ന ദൃശ്യങ്ങളും ആരോപണങ്ങളും ഉണ്ടയില്ലാ വെടിയാണ് എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ ന്യായീകരണം. ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകർ മൂന്നുദിവസമായി തന്നെ പിന്തുടരുന്നുണ്ടെന്ന് ആരോപിച്ച ശോഭ യുവാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ ആരോപണം ഉന്നയിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. കോൺഗ്രസ് പ്രവർത്തകൻ വിനേഷ് സർഗയുടെ കൂടെയുയുണ്ടായിരുന്ന യുവാവ് നിരവധി തവണ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും താൻ കാറിൽ നിന്നിറങ്ങി അത് ചോദ്യം ചെയ്യുകയായിരുന്നു എന്നും ശോഭ ആരോപിച്ചു. പൊലീസിന് പരാതി നൽകിയോ എന്ന് ചോദിച്ചപ്പോൾ ഇതുസംബന്ധിച്ച് പൊലീസിന് മെയിൽ അയച്ചിട്ടുണ്ടെന്നും നേരിട്ടു പരാതി നൽകുമെന്നും ശോഭ പറഞ്ഞു. പണം കൊടുത്തതായി ദൃശ്യത്തിലുള്ള, ശോഭയുടെ കാറിൽ ഇരുന്ന വെള്ള ചുരിദാറിട്ട സ്ത്രീ ആരാണ് എന്ന ചോദ്യത്തിനും അവർക്ക് മറുപടിയുണ്ടായിരുന്നില്ല. വെള്ള ചുരിദാറിട്ടസ്ത്രീ ആരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കൂ എന്നായിരുന്നു മറുപടി. തന്‍റെ കാറിൽ അങ്ങിനെ ഒരാൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ശോഭയുടെ കാറിൽ സ്ത്രീയുടെ ദൃശ്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അവരുടെ മുഖമെവിടെ എന്നായി മറുചോദ്യം. പിടിച്ചുനിൽക്കാനാവാതെ, വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത മീഡിയാവൺ റിപ്പോട്ടറെ പൊലീസ് ചോദ്യം ചെയ്യണമെന്നായി പിന്നെ ശോഭാ സുരേന്ദ്രൻ. മാധ്യമപ്രവർത്തകനും കോൺഗ്രസ്സും തയ്യാറാക്കിയ തിരക്കഥയാണിതെന്നും ശോഭ ആരോപിച്ചു. മാധ്യമപ്രവർത്തകന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ശോഭ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ കൂടെ വന്ന സ്ത്രീയാണ് പണംകൊടുത്തെതെന്ന് സ്ഥാപിക്കാൻ ശോഭ ശ്രമം നടത്തിയെങ്കിലും മധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ അതുംചീറ്റി. ബി.ജെ.പി സ്ഥാനാർഥിയോ പ്രവർത്തകരോ വയോധികക്ക് പൈസകൊടുക്കുന്നതിനു തെളിവുണ്ടോ എന്നായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പ്രശാന്തിന്‍റെ ചോദ്യം. സാരി കൊടുക്കുന്ന ചിത്രം പുറത്തുവന്നാൽ അത് വോട്ടിന് സ്വാധീനിക്കാൻവേണ്ടിയാണ് എന്ന് പറയാനാവുമോ എന്നും പ്രശാന്ത് ചോദിച്ചു. 'താന്‍ ഒരു കാന്‍സര്‍ രോഗിയെ കാണാനാണ് വന്നത്. അതിനിടെയാണ് തന്നെ പിന്തുടര്‍ന്ന് ഇവരെത്തിയത്. പാലക്കാട്ടെ വോട്ടര്‍മാരെ അപമാനിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഈ വിവാദങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാനാണ് ഇവരുടെ നീക്കം. ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടവരെന്ന നിലയ്ക്ക് മീഡിയവണ്‍ ചാനലിന്റെ റിപ്പോര്‍ട്ടറെ ആദ്യം ചോദ്യം ചെയ്യണം. ദൃശ്യങ്ങള്‍ എങ്ങനെയാണ് മീഡിയവണിന് മാത്രം ലഭിച്ചത്? റിപ്പോര്‍ട്ടര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് തന്നെ പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും. കേരളത്തില്‍ ഇത്രയും കാലം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടും എല്ലാ തരത്തിലും തന്നെ തകര്‍ക്കാനായി ഇതുപോലൊരു മാധ്യമപ്രവര്‍ത്തകനല്ലാതെ മറ്റൊരാളും ശ്രമിച്ചിട്ടില്ല. ഈ മാധ്യമപ്രവര്‍ത്തകനെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കും'. ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രൻ അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ സംഘതത്തിലെ വെള്ള ചുരിദാറിട്ട സ്ത്രീ വയോധികക്ക് 500ന്‍റെ നോട്ടുകൾ നൽകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇവർ ശോഭയുടെ കാറിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തുന്ന കോൺഗ്രസ് പ്രവർത്തകരെ ശോഭ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പണം നൽകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത് വൻ വിവാദത്തിന് തിരികൊളുത്തിരിയിക്കുകയാണ്. പൈസ കൊടുത്ത് പാലക്കാടിനെയും അവിടെയുള്ള വോട്ടുകളെയും വാങ്ങാന്‍ കഴിയില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ ബി.ജെ.പിയെയും അവരുടെ പൈസയെയും തള്ളിക്കളയുമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പണത്തെയും തിരസ്‌കരിക്കുമെന്നത് തീര്‍ച്ചയാണ്. രണ്ടിന്റെയും മുന്‍പില്‍ പാലക്കാട്ടെ ജനങ്ങള്‍ ആത്മാഭിമാനം പണയം വെക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബിജെപിയുടെ പരീക്ഷണങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയല്ല പാലക്കാടെന്ന് അവര്‍ മനസിലാക്കണം. പൈസ കൊടുത്ത് പാലക്കാടിനെയും അവിടെയുള്ള വോട്ടുകളെയും വാങ്ങാന്‍ കഴിയില്ല. നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിലൂടെയും അവര്‍ക്ക് നല്‍കുന്ന സ്‌നേഹത്തിലൂടെയുമാണ് പാലക്കാട്ടെ ജനങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കുക'. എംപി പറഞ്ഞു.

വോട്ടിന് പണം വിതരണം ചെയ്ത ദൃശ്യങ്ങൾ: ഉത്തരംമുട്ടി ശോഭാ സുരേന്ദ്രനും ബി.ജെ.പിയും
M
MadhyamamSource Link
about 1 month ago