മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തിൽ ഓരോ സ്ഥാനാർഥികളും മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ കുടുംബ യോഗങ്ങളും കൺവെൻഷനുകളും വിളിച്ച് ചേർത്തും വോട്ടർമാരെ നേരിൽ കണ്ടും പ്രചാരണവുമായി മുന്നോട്ട് പോയി. കൂടാതെ പൊതു സമ്മേളനങ്ങളും റാലികളും പര്യടനത്തിന് ശക്തി പകർന്നു. രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികൾ പ്രമുഖ നേതാക്കൻമാരെ ഇറക്കി കളം പിടിച്ച് തുടങ്ങി. ഇടത്പക്ഷത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വരവോടെ ജില്ലയിൽ പ്രമുഖ നേതാക്കൻമാരുടെ വരവിന് തുടക്കമായി. എൽ.ഡി.എഫിൽ ഇനി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം മറിയം ധവ്ള, വൃന്ദ കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ പ്രചാരണം കൊഴുപ്പിക്കാൻ എത്തും. യു.ഡി.എഫിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയവരും പര്യടനത്തിന്റെ ഭാഗമാകും. എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചാരണത്തിനും സംസ്ഥാന നേതാക്കൾ അടുത്ത ദിവസങ്ങളിൽ സജീവമാകും. ഇതോടെ രണ്ടാംഘട്ട പ്രചാരണം കടുക്കും. നിലവിൽ മണ്ഡലങ്ങളിൽ സ്ഥാനാർഥിക്ക് വോട്ട് തേടി പ്രചാരണ വാഹനങ്ങൾ ഇറങ്ങി കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് പ്രചാരണ വാഹനങ്ങൾ എത്തും. തീപാറുന്ന പോരാട്ടം നടക്കുന്ന പൊന്നാനിയും തവനൂരും സ്ഥാനാർഥി പ്രചാരണം ഇഞ്ചോടിഞ്ച് മുന്നോട്ട് കുതിക്കുകയാണ്. മണ്ഡലങ്ങളിൽ മുന്നണികൾ ഓരോ വോട്ടും നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ തവണ 1,564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.ടി. ജലീൽ ജയിച്ചതെങ്കിൽ ഇത്തവണ വോട്ട് നില ഉയർത്തി സീറ്റ് ഭദ്രമാക്കാനാണ് ഇടത് ശ്രമം. എന്നാൽ, കഴിഞ്ഞ തവണ വിട്ട് പോയ മണ്ഡലം ഡി.ഡി.സി അധ്യക്ഷൻ വി.എസ്. ജോയിയെ ഇറക്കി പിടിക്കാനാണ് യു.ഡി.എഫ് നീക്കം. എൻ.ഡി.എ സ്ഥാനാർഥി രവി തേലത്തും രംഗത്ത് സജീവമാണ്. പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. സക്കീറും യു.ഡി.എഫ് സ്ഥാനാർഥി കെ.പി. നൗഷാദലിയും ചൂടേറിയ പ്രചാരണത്തിലാണ്. എൻ.ഡി.എ സ്ഥാനാർഥി മനീഷ് ജനകീയവും പ്രചാരണ രംഗത്തുണ്ട്. മറ്റ് മണ്ഡലങ്ങളിലും സ്ഥാനാർഥി പര്യടനങ്ങൾ കുതിക്കുകയാണ്. പര്യടനം ടോപ്പ് ഗിയറിലേക്ക് തട്ടി ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള നീക്കത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.

വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളുടെ മണ്ഡലം മാർച്ച്
M
MadhyamamSource Link
about 1 month ago