BoolokamBoolokam
വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ; എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ; എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

M
MadhyamamSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ 8.30നാണ് എണ്ണുക. ആദ്യ ഫല സൂചനകൾ പ്രകാരം എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിനുശേഷം ഏതാണ്ട് മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പായിരുന്നു വിധി ദിനത്തിലേക്ക്. സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിൽ അധികാരമാറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫിന്‍റെ ഉറച്ച ആത്മവിശ്വാസം. അതേസമയം, അവസാന നിമിഷവും ചരിത്രപരമായ ഭരണത്തുടർച്ചയെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഭരണമാറ്റമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പിൽ വലിയ ഒരുക്കങ്ങളായിരുന്നു ഞായറാഴ്ച. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, മേയ് ആറിന് സെക്രട്ടറിയേറ്റ് ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടണ്ണൽ ദിനത്തിൽ പിണറായിയിലെ വീട്ടിൽ തന്നെയാകും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഞായറാഴ്ച രാത്രി തലസ്ഥാനത്തെത്തി. ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലിരുന്നാകും സതീശൻ വോട്ടെണ്ണൽ നില അറിയുക. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്‍ററിലുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും വോട്ടെണ്ണൽ ദിനത്തിൽ ഇന്ദിര ഭവനിലുണ്ടാകും. രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ ഇന്ദിര ഭവനിലെത്തും. ഉച്ചക്കുശേഷം ഹരിപ്പാട്ടേക്ക് മടങ്ങും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന ഓഫിസിലും നേമത്തുമായുണ്ടാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!