വർക്കല: പരസ്യപ്രചാരണത്തിന്റെ പാരമ്യതയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ റാലികളുമായി കളം നിറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാറിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദീനാണ് താരപ്രചാരകനായി എത്തിയത്. വെൺകുളം മുതൽ ഇടവ വരെ മുന്നൂറോളം ബൈക്കുകളും അമ്പതോളം ഓട്ടോ റിക്ഷകളും നിറഞ്ഞതായിരുന്ന റോഡ് ഷോ കാണാൻ രാത്രി ഏറെ വൈകിയും വോട്ടർമാരുടെ കൂട്ടം റോഡുവശങ്ങളിൽ നിറഞ്ഞു നിന്നു. സ്ഥാനാർഥി വർക്കല കഹാർ അതിരാവിലെ മുതൽ ഉച്ചവരെ വെട്ടൂരിലെ മൽസ്യബന്ധന കേന്ദ്രങ്ങൾ സന്ദർശിച്ച് മൽസ്യത്തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. വിളബ്ഭാഗം മാർക്കറ്റ്, ഫിഷർമെൻ നഗർ എന്നിവിടങ്ങളിലുമെത്തി വോട്ട് തേടി. തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് ബിജു ഗോപാലന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും സംസ്കാര ചടങ്ങിൽ പങ്കെടുക്കയും ചെയ്തു. വൈകീട്ട് കപ്പാംവിളയിലെത്തി വ്യാപാര സ്ഥാപനങ്ങളും വീടുകളും കയറി വോട്ട് തേടി. സന്ധ്യയോടെ കുടുംബ സംഗമത്തിലും പങ്കെടുത്തു. അതേസമയം എൽ.ഡി.എഫ് സ്ഥാനാർഥി വി.ജോയി മണ്ഡലത്തിലെ പ്രധാന കവലകളിലും മറ്റും സന്ദർശനം നടത്തി വോട്ട് തേടി. വൈകീട്ട് മടവൂരിൽ പ്രവർത്തകരുടെ ആവേശത്തിമിർപ്പിൽ വമ്പൻ ബൈക്ക് റാലിയും നടന്നു. എൻ.ഡി.എ സ്ഥാനാർഥി സ്മിത സുന്ദരേശൻ നാവായിക്കുളത്തും പറകുന്നിലും ഉച്ചവരെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ചു. സന്ധ്യക്ക് മടവൂരിൽ നിന്നും നടൻ കൃഷ്ണകുമാർ നയിച്ച റോഡ് ഷോ രാത്രി വർക്കലയിൽ സമാപിച്ചു.

വർക്കലയിൽ തീ പാറുന്ന പോരാട്ടം; കഹാറിനായി അസ്ഹറുദീൻ എത്തി, ജോയിക്കും സ്മിതക്കും റോഡ് ഷോ
M
MadhyamamSource Link
about 1 month ago