ശക്തിയും ദൗർബല്യവും

ശക്തിയും ദൗർബല്യവും

M
MadhyamamSource Link
മാനസികവും ശാരീരികവുമായ കരുത്ത് ജീവിത വിജയത്തിന് അനിവാര്യമാണ്. ആ കരുത്ത് നേടുന്നതിന് സഹായിക്കുന്ന കാര്യങ്ങളാണ് വിശ്വാസവും പരിശ്രമവും. വിശ്വാസം ആശയങ്ങളെയും ബോധ്യങ്ങളെയും ബലമുള്ളതാക്കുന്നു. പരിശ്രമം ഭൗതികവും ശാരീരികവുമായ ശേഷികളും വിഭവങ്ങളും നൽകുന്നു. പ്രവാചകൻ പഠിപ്പിച്ചു: “ശക്തനായ വിശ്വാസി ദുർബലനായ വിശ്വാസിയേക്കാൾ ഉത്തമനും അല്ലാഹുവിന് കൂടുതൽ പ്രിയങ്കരനുമാണ്. എന്നാൽ ഇരുവരിലും നന്മയുണ്ട്.” വിശ്വാസത്തോടൊപ്പം ആരോഗ്യം, ശാരീരിക ബലം, മാനസിക ശേഷികൾ, എന്തിനെയും നേരിടാനുള്ള ധൈര്യം, സമ്പത്തിലും വിഭവങ്ങളിലും ഉള്ള സ്വയംപര്യാപ്തത തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ‘ശക്തി’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അവ നേടുന്നതിന് വേണ്ടി പരിശ്രമിക്കുന്നത് നന്മയുടെയും ദൈവ സാമീപ്യത്തിന്റെയും കാരണങ്ങളാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. കഴിവുണ്ടായിട്ടും ഈ കാര്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കാതിരിക്കുന്നതും, ജീവിതത്തിൽ അവയെ നഷ്ടപ്പെടുത്തുന്നതും ‘ദൗർബല്യം’ ആണ്. അത്തരക്കാരിൽ നന്മകളുണ്ടാവാം, എന്നാൽ ശക്തനായ വിശ്വാസിയുടെ ഒപ്പമെത്താൻ അവർക്ക് കഴിയില്ല. ജീവിതത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അവ നേടുന്നതിന് വേണ്ടി പരിശ്രമിക്കുകയും വേണം. എത്ര ശക്തനാണെങ്കിലും എല്ലാ കാര്യങ്ങളും സ്വന്തം കഴിവ് കൊണ്ട് നേടാൻ കഴിയുമെന്ന അഹങ്കാരം വരാതെ സൂക്ഷിക്കണം. വിശ്വാസി ഏതൊരു കാര്യത്തിലും സ്രഷ്ടാവായ അല്ലാഹുവിനോട് സഹായം തേടുകയും, ദൈവ സഹായത്തിൽ നിരാശനാകാതെ ജീവിക്കുകയും ചെയ്യുന്നവാനാണ്. ചിലപ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ച കാര്യങ്ങൾ നേടാൻ കഴിയാതെ വന്നേക്കാം. അപ്പോൾ “ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ…” എന്ന് പറഞ്ഞ് ദൗർബല്യം ക്ഷണിച്ചു വരുത്തരുത്. സംഭവിച്ച കാര്യങ്ങളെ ജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ സ്വീകരിച്ച്, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനുള്ള ധൈര്യമാണ് ഉണ്ടാവേണ്ടത്. അത് ശക്തമായ വിശ്വാസത്തിന്റെ അടയാളമാണ്. ‘അല്ലാഹുവാണ് കാര്യങ്ങളെ നിർണയിക്കുന്നത്. അവന്റെ തീരുമാനവും ഇച്ഛയുമാണ് ഏറ്റവും വലുത്’ എന്ന ബോധ്യം വിശ്വാസിയെ സധൈര്യം മുന്നോട്ട് ഗമിക്കാൻ സഹായിക്കുന്നു. അത് ജീവിതത്തെ കൂടുതൽ സമൃദ്ധമാക്കുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശക്തിയും ദൗർബല്യവും — Madhyamam | Boolokam | Boolokam