പത്തനംതിട്ട: നിർദിഷ്‌ട ശബരി വിമാനത്താവളം സർക്കാരിന്‍റെ ഉടമസ്‌ഥതയിലുള്ള കൊടുമൺ പ്ലാന്‍റേഷനിൽ സ്‌ഥാപിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്‍റെ പരാമർശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി കലക്‌ടർക്ക് കത്ത് നൽകിയെങ്കിലും തുടർ നടപടി ഉണ്ടാകാത്തതിൽ ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. സ്ഥലം പഠനവിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കലക്ടർ സ്‌ഥലം സന്ദർശിക്കാനും റിപ്പോർട്ട് നൽകാനും തയാറായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്. പദ്ധതി സംബന്ധിച്ച് കോടതി നിർദേശം പോലും പാലിക്കാൻ സർക്കാരും ചീഫ് സെക്രട്ടറിയും കലക്‌ടറും തയാറായിട്ടില്ല. 2015 മുതൽ ശബരി വിമാനത്താവളത്തിന് നടപടി സ്വീകരിക്കുമെന്ന പൊള്ളയായ വാഗ്ദാനം നൽകി ഭക്‌തരെയും ജനത്തെയും കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഈ സ്‌ഥലം വനമേഖലയാണന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 1906 ലെ സെറ്റിൽമെൻറ് റജിസ്‌റ്റർ അനുസരിച്ചു സർക്കാർ സ്വകാര്യ വ്യക്‌തികളിൽ നിന്ന് വാങ്ങി പിൽക്കാലത്ത് പ്ലാന്റേഷൻ കോർപറേഷന് വാടകക്ക് കൊടുത്ത സ്‌ഥലം വനം ആണെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് രേഖകൾ തെളിയിക്കുന്നു. നിയമക്കുരുക്ക് ഒഴിയാതെ കിടക്കുന്ന ചെറുവള്ളിയിൽ തന്നെ വിമാനത്താവളം വേണമെന്ന് സർക്കാർ വാശിപിടിക്കുകയാണ്. ഇനിയും ജില്ലയിൽ പദ്ധതിക്കായി ആകെ അനുയോജ്യമായ സ്‌ഥലം കൊടുമൺ പ്ലാന്‍റേഷൻ ഭൂമി മാത്രമാണ്. പദ്ധതി നടപ്പാക്കണമന്നാവശ്യപ്പെട്ട് സമരപരിപാടികൾ ആരംഭിക്കാനും ജില്ലയിലെ നിയമസഭ സ്‌ഥാനാർഥികളെ പങ്കെടുപ്പിച്ച് ജില്ല ആസ്‌ഥാനത്ത് കൊടുമൺ വിമാനത്താവളം പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും വിഷയത്തിൽ സെമിനാർ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, വൈസ് പ്രസിഡൻറ് ജോൺസൺ കുളത്തുംകരോട്ട്, ആർ. പത്മകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് കുഴുവേലി, ടി. തുളസീധരൻ എന്നിവർ സംസാരിച്ചു.

ശബരി വിമാനത്താവളം; കോടതി നിർദേശം പാലിക്കണമെന്ന് ആക്ഷൻ കമ്മിറ്റി
M
MadhyamamSource Link
about 2 months ago