ഷർജ: എമിറേറ്റിലെ സിക്സ്ത്ത് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണ വിധേയമാക്കി. ഷാർജ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ അതിവേഗ ഇടപെടലിലൂടെ തീപിടിത്തം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നുവെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഉച്ച 1.20നാണ് ഷാർജ പൊലീസ് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് തീയണക്കാൻ ആരംഭിച്ചു. 20 മിനിറ്റിനുള്ളിൽ, 1.44ഓടെ തീ പൂര്‍ണമായും അണക്കാനായതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിനു പിന്നാലെ, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും, സ്ഥിരീകരിക്കാത്ത വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഷാർജ മീഡിയ ഓഫീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഷാർജയിൽ വെയർഹൗസിൽ തീപിടിത്തം; അതിവേഗം അണച്ച് സിവിൽ ഡിഫൻസ്
M
MadhyamamSource Link
about 2 months ago