ഷാർജ: ശക്തമായ മഴയിൽ എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സൗജന്യ പാർക്കിങ് നീട്ടി ഷാർജ മുനിസിപ്പാലിറ്റി. ഇനി അറിയിപ്പുണ്ടാകുന്നത് വരെ എല്ലായിടങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. പ്രവൃത്തി ദിനങ്ങളിലും ഔദ്യോഗിക അവധി ദിനങ്ങളിലും ഫീസ് ഈടാക്കുന്ന നീല സൂചന ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിലും ഇത് ബാധകമാണ്. അതേസമയം, സ്മാർട്ട് പാർക്കിങ് യാർഡുകളിൽ ഫീസ് നിരക്ക് ഈടാക്കും. പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് ഷാർജ മുനിസിപ്പാലിറ്റിയുടെ സമൂഹ മാധ്യമ എകൗണ്ടുകൾ ശ്രദ്ധിക്കുകയോ 19931 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ അതി ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളം നിറഞ്ഞിരിക്കുകയാണ്. കച്ചകളിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ വെള്ളം കയറിയത് താമസക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ ധ്രുതകർമ സേനയും സിവിൽ ഡിഫൻസും ചേർന്ന് തുടരുകയാണ്.
