കോഴിക്കോട്: പേരാമ്പ്രയിൽ അനൗൺസ്മെന്‍റ് വിവാദം കത്തുന്നതിനിടെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയക്കും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. വീട്ടിലെത്തി സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന എൽ.ഡി.എഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. മൂന്നു പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നൽകിയത്. മൂന്നു പരാതികൾക്കും സമാന സ്വഭാവമാണ്. എന്നാൽ, പരാതിക്കൊപ്പം തെളിവുകളൊന്നും സമർപ്പിച്ചിട്ടില്ല. അനൗൺസ്മെന്‍റ് വിവാദത്തിൽ പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. യു.ഡി.എഫിന്‍റെ പരാതിയിലാണ് നടപടി. മാതൃക പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് വിശദീകരണം തേടി ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകിയത്. വിവാദ അനൗൺസ്മെന്‍റിന്‍റെ ദൃശ്യങ്ങളടക്കമാണ് യു.ഡി.എഫ് പരാതി നൽകിയത്. എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ ഉയർന്ന വർഗീയ പരാമർശമുള്ള അനൗൺസ്മെന്‍റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുസ്‍ലിം വീടുകളിൽ പോയി ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്ന് പറഞ്ഞാണ് മുസ്‍ലിം ലീഗ് വോട്ടുപിടിക്കുന്നതെന്ന് എൽ.ഡി.എഫ് നടത്തിയ അനൗൺസ്മെന്റിൽ പറഞ്ഞിരുന്നു. റെക്കോഡു ചെയ്ത അനൗൺസ്മെന്റാണ് നടത്തിയത്. ഈ വാഹനത്തിൽ ഇടതുമുന്നണി സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് വോട്ടഭ്യർഥിക്കുന്ന ബോർഡ് സ്ഥാപിച്ചായിരുന്നു പ്രചാരണം. അതേസമയം, അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് ചോദ‍്യങ്ങളോട് ക്ഷുഭിതനായാണ് ടി.പി രാമകൃഷ്ണൻ പ്രതികരിച്ചത്. നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ അങ്ങനെ ഒരു അനൗൺസ്മെന്റ് നടത്തിയിട്ടില്ല. പരാതി ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുത്തോട്ടെ. തങ്ങൾ ഇങ്ങനെയൊരുപരാതി ഉന്നയിച്ചിട്ടില്ല, അത് കൊണ്ടു തന്നെ ഇക്കാര്യത്തിൽ തങ്ങൾ മറുപടി പറയേണ്ടതില്ല. എൽ.ഡി.എഫിന്റെ പ്രചാരണത്തിന് തങ്ങൾ മണ്ഡലത്തിൽ അനൗസ്മെന്‍റിന് ഉപയോഗിക്കുന്ന ഒരു പെൻഡ്രൈവ് റെക്കോഡ് പരിശോധനക്ക് നൽകാം. അതിൽ ഇതുവരെ പരാതിയൊന്നുമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല. വിവാദം ഉയർത്തിയ ആളുകൾ തന്നെ അതിൽ പരിശോധന നടത്തട്ടെയെന്നും രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ടി.പി മറുപടി നൽകിയില്ല. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പയനാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഖൗമിലെ കുട്ടി’ വിവാദത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിൽ മുഴുവൻ പ്രചാരണത്തിനുവേണ്ടി പേരാമ്പ്ര സ്‌റ്റുഡിയോയിൽ നിന്ന് റെക്കോഡു ചെയ്തതാണ് ഈ അനൗൺസ്മെന്റിന്റെ ഉള്ളടക്കം. എന്നാൽ, വിവാദമായതോടെ എൽ.ഡി.എഫ് നേതൃത്വം ഉത്തരവാദിത്വത്തിൽനിന്ന് കൈകഴുകുകയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ലക്ഷ്യംവെച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത് എൽ.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു. അതേസമയം, ചങ്ങരോത്ത് പഞ്ചായത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഫാത്തിമ തഹിലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനാൽ പിന്നീട് ഡിസ്ചാർജ് ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കിയതായും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന്; എൽ.ഡി.എഫ് പരാതിയിൽ ഫാത്തിമ തഹ്‍ലിയക്ക് നോട്ടീസ്
M
MadhyamamSource Link
about 1 month ago