എടപ്പാൾ: ശാരീരിക പ്രയാസങ്ങൾ കാരണം എടപ്പാൾ തട്ടാൻപടി തറക്കൽ സ്വദേശി തറക്കൽ ചോങ്ങാലത്തു വിജയൻ ഭാരിച്ച പണികൾക്കൊന്നും പോകാറില്ല. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന വിജയന് തന്റെ ശരീരം വഴങ്ങാതെ വന്നതോടെ ജോലി പതിയെ നിർത്തുകയായിരുന്നു. ചിലപ്പോഴോക്കെ ലഘുവായ ജോലികൾ ചെയ്ത് മുന്നോട്ട് പോകുകയാണ് പതിവ്. ഇങ്ങനെയിരിക്കുമ്പോഴാണ് എടപ്പാളിലെ വീട്ടിൽനിന്ന് തൃശൂരിലെ മുണ്ടത്തിക്കോട്ടിലേക്ക് വെടിമരുന്ന് പണിക്കായി തിരിക്കുന്നത്. ഒപ്പമുള്ളവർക്ക് ഒരു ചെറിയ സഹായം എന്ന നിലയിലായിരുന്നു ഏപ്രിൽ 18ന് വണ്ടികയറിയത്. പിന്നീട് വിജയന്റെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് കാണാനായത്. തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൻ ജനാവലിയാണ് എടപ്പാളിലെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നത്. തുടർന്ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ് (പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം, ഡി.വൈ.എഫ്.ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി), സിന്ധുജ.
