സാംസ്കാരിക തലസ്ഥാനത്ത് ത്രികോണ മത്സരം

സാംസ്കാരിക തലസ്ഥാനത്ത് ത്രികോണ മത്സരം

M
MadhyamamSource Link
തൃശൂര്‍: വടക്കുംനാഥന്റെ പൂരപ്പറമ്പിൽ തെരഞ്ഞടുപ്പ് മാമാങ്കത്തിന് കൊടിയേറി. മാമാങ്കത്തിലെ മുന്നണി സ്ഥാനാർഥികളുടെ പേര് പുറത്തുവന്നതോടെ പോരാട്ടം കടുക്കുമെന്നുറപ്പായി. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. സാംസ്കാരിക തലസ്ഥാനത്ത് ത്രികോണ മത്സരമാണ്. കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലാണ് ബി.ജെ.പി സ്ഥാനാർഥി. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിക്കുന്നത് മുന്‍ മേയര്‍ രാജന്‍ ജെ. പല്ലനെയാണ്. തൃശൂര്‍ നഗരത്തിന്റെ വികസന നായകനായി കാലം കൈയൊപ്പ് ചാര്‍ത്തിയ രാഷ്ട്രീയ നേതാവാണ് രാജന്‍ പല്ലന്‍. തൃശൂരിന്റെ മനസ്സ് രാജനൊപ്പമാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തൃശൂർ മേയര്‍ എന്ന നിലയില്‍ രാജന്‍ പല്ലന്‍ പ്രവര്‍ത്തിച്ച ഒരു വര്‍ഷവും ഒമ്പത് മാസവും തൃശൂരിന്റെ വികസന ചരിത്രത്തില്‍ അടയാളപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എൽ.ഡി.എഫിന്റെ സാംസ്കാരിക മുഖമായ ആലങ്കോട് ലീലാകൃഷ്ണൻ എഴുത്താണിയുമായിട്ടാണ് തൃശൂരിൽ എത്തിയത്. കവിത ചൊല്ലി മണ്ഡലം പിടിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സാംസ്കാരിക തലസ്ഥാനത്തുനിന്ന് ഒരു എഴുത്തുകാരനെ തെരഞ്ഞെടുക്കണമെന്നാണ് എൽ.ഡി.എഫ് ആവശ്യപ്പെടുന്നത്. കേരളത്തിലെ പുരോഗമന എഴുത്തുകാരുടെ വലിയ പിന്തുണയാണ് ലീലാകൃഷ്ണനുള്ളത്. തൃശൂരിലെ അറിയപ്പെടുന്ന എഴുത്തുകാർ അദ്ദേഹത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങി. ഇടത് പക്ഷത്തിന് വീണ്ടും ഭരണം ലഭിക്കരുതെന്ന് അഭിപ്രായപ്പെട്ട കവി കെ. സച്ചിദാനന്ദനും ലീലാകൃഷ്ണന് ഒപ്പമുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന വീടിന്റെ അകത്തളത്തിൽനിന്നാണ് പത്മജയുടെ വരവ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും എ.ഐ.സി.സി അംഗവുമായിരുന്ന പത്മജ കെ.പി.സി.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. 2019 - 2021 കാലയളവിൽ തൃശൂർ ഡി.സി.സി അധ്യക്ഷ പദവിയിൽ പ്രവർത്തിച്ചു. പത്മജ 2004ൽ ഇന്നത്തെ ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ (അന്നത്തെ മുകുന്ദപുരം) മത്സരിച്ചു. പിന്നീട് 2016 നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ മത്സരത്തിനിറങ്ങി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിനാണ് തൃശൂരിൽ പരാജയപ്പെട്ടത്. നിലവിൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്നാണ് പത്മജയുടെ പ്രതീക്ഷ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാംസ്കാരിക തലസ്ഥാനത്ത് ത്രികോണ മത്സരം — Madhyamam | Boolokam | Boolokam