പത്തനംതിട്ട: ബി.ജെ.പി-സി.പി.എം ബന്ധത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മുൻ ജില്ല പ്രസിഡന്റ് കൂടിയായ സി.പി.എം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മൻ പ്രസിഡന്റുമായ അഡ്വ. ആർ. കൃഷ്ണകുമാറാണ് സി.പി.എം ബന്ധം അവസാനിപ്പിച്ചത്. സി.പി.എം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുകയും സത്യസന്ധമായ രാഷ്ട്രീയം മുന്നോട്ട് വെക്കുകയും ചെയ്യുന്നതിനാലാണ് മുസ്ലിം ലീഗിന്റെ ഭാഗമാകുന്നതെന്ന് അഡ്വ. ആർ. കൃഷ്‌ണകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. തോട്ടപ്പുഴശേരിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രഞ്ജി ജോൺ, കേരള നവോത്ഥാന സമിതി അംഗം എ.സി. രാജേഷ് എന്നിവരും ഇദ്ദേഹത്തിനൊപ്പം ലീഗിൽ ചേർന്നു.
