വടക്കാഞ്ചേരി: ഉത്സവാഘോഷത്തിനിടെ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ നാലു പേരെ പൊലീസ് അറസ്റ്റ്ചെയ്തു. കുണ്ടന്നൂർ എരിഞ്ഞിക്കൽ ക്ഷേത്രത്തിലേക്കുളള ഘോഷയാത്രയ്ക്കിടെ കുണ്ടന്നൂർ ജങ്ഷനിൽ വെച്ച് കൊടുമ്പ് ചാത്തൻചിറ വീട്ടിൽ കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നാല് പ്രതികൾ പിടിയിലായത്. കൊടുമ്പ് കായൽപുരയ്ക്കൽ രതീഷ്, കൊടുമ്പ് സ്വദേശികളായ കൊടക്കാടത്ത് സുധീഷ്, ചാത്തൻചിറ സതീഷ്, പുത്തൻകളത്തിൽ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി തോറ്റതിന്റെ വൈരാഗ്യത്താലാണ് പ്രതികൾ സി.പി.എം പ്രവർത്തകനായ കണ്ണനെ ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുളള ഘോഷയാത്ര കടന്നു പോകുന്നതിനിടെ കുണ്ടന്നൂർ ജങ്ഷനിൽ വെച്ച് പ്രതികൾ കൂട്ടംചേർന്ന് കണ്ണനെ ചവിട്ടിവീഴ്ത്തി കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും തലയിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്താനും ശ്രമിച്ചെന്നാണ് കേസ്. ഗുരുതര പരിക്കേറ്റ കണ്ണൻ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തൃശൂർ സിറ്റി പൊലീസ് കമീഷണർ നിഖിൽ രാജേന്ദ്ര ദേശ് മുഖിന്റെ നിർദേശ പ്രകാരം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സൈഫുള്ള, നിമ്പിൻ, ബദറുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺ, സിവിൽ പൊലിസ് ഓഫീസർ സഗുൺ, ശ്രീജിത്ത്, ഹോംഗാർഡ് ഓമനകുട്ടൻ എന്നിവരുണ്ടായിരുന്നു. പ്രതികളെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
M
MadhyamamSource Link
about 2 months ago