തലശ്ശേരി: സി.പി.എം-ബി.ജെ.പി നേതാക്കൾ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ഗോപാലപേട്ടയിൽ സംഘർഷം. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്റുമായ ഗോപാലപേട്ടയിലെ സി.പി. സുമേഷ് (43), ബി.ജെ.പി ബൂത്ത് പ്രസിഡന്റ് സുനേഷ് സുരേഷ് ബാബു (48) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കടന്ന് സുനേഷ് സുരേഷ് ബാബു ആക്രമിച്ചെന്നാണ് സി.പി. സുമേഷിന്റെ പരാതി. കൈക്കും മുഖത്തും പരിക്കേറ്റു. ഇടത് കൈവിരലുകളുടെ എല്ല് പൊട്ടിയ നിലയിൽ സുമേഷിനെ തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. തടയാൻ ശ്രമിച്ച മാതാവ് സുഷമയെ ചീത്തവിളിച്ചതായും സുമേഷ് പറഞ്ഞു. സി.പി. സുമേഷിന്റെ നേതൃത്വത്തിൽ നാലംഗസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് സുനേഷ് സുരേഷ് ബാബുവിന്റെ പരാതി. ഇയാൾ മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സമാധാനം തകർക്കാനുള്ള നീക്കം - സി.പി.എം തലശ്ശേരി: സി.പി.എം ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രസിഡന്റുമായ ഗോപാലപേട്ടയിലെ സി.പി. സുമേഷിന് നേരെയുണ്ടായ ആക്രമണത്തിൽ സി.പി.എം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഗോപാലപേട്ടയിലും സമീപ പ്രദേശങ്ങളിലും ബോധപൂർവം കുഴപ്പം സൃഷ്‌ടിക്കാനുള്ള ആർ.എസ്.എസ് ഗൂഢനീക്കമാണ് ആക്രമണത്തിന് പിന്നിൽ. സി.പി.എം നേതാക്കളെയും പ്രവർത്തകരെയും കാണുമ്പോൾ അസഭ്യം പറയുക എന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണ്. സി.പി. സുമേഷിനെ പലതവണ ചീത്തവിളിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തതാണ്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം സി.പി. സുമേഷിന്റെ വീടുകയറി ആക്രമിക്കുകയാണുണ്ടായത്. ആക്രമിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശൻ ആവശ്യപ്പെട്ടു. ജനകീയ പ്രതിരോധമുയരും -ബി.ജെ.പി തലശ്ശേരി: ഗോപാലപേട്ടയിലും പരിസരപ്രദേശത്തും സംഘർഷം സൃഷ്ടിച്ച് പുകമറ ഉണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുകയാണ്. സി.പി.എം ക്രിമിനൽ സംഘത്തെ നിലക്കുനിർത്താൻ പാർട്ടിക്ക് കഴിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവും ജനകീയ പ്രതിരോധവുമുണ്ടാകുമെന്ന് ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പറഞ്ഞു. ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുനേഷിനെ ബി.ജെ.പി സംസ്ഥാന സമിതി അംഗവും എൻ.ഡി.എ തലശ്ശേരി മണ്ഡലം സ്ഥാനാർഥിയുമായിരുന്ന ഒ. നിധീഷ് സന്ദർശിച്ചു.

സി.പി.എം-ബി.ജെ.പി നേതാക്കൾക്കു നേരെ ആക്രമണം;തലശ്ശേരി ഗോപാലപേട്ടയിൽ സംഘർഷം
M
MadhyamamSource Link
20 days ago