സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

M
MadhyamamSource Link
തെഹ്‌റാൻ: കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാരിജാനി രക്തസാക്ഷിത്വം കൈവരിച്ചതായി പറയുന്നത്. ഇസ്ലാമിക വിപ്ലവത്തിനും ഇറാന്റെ പുരോഗതിക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച ലാരിജാനി, തന്റെ ദീർഘകാലമായുള്ള രക്തസാക്ഷിത്വമെന്ന ആഗ്രഹം നേടിയെടുത്തതായി പ്രസ്താവനയിൽ അറിയിച്ചു. അലി ലാരിജാനിയുടെ നിര്യാണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "കാഴ്ചപ്പാടും ഉൾക്കാഴ്ചയും സ്നേഹവുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായത്," അദ്ദേഹം പറഞ്ഞു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകൻ മുർതസ ലാരിജാനി, ഓഫിസ് മേധാവി അലിരേസ ബയാത്ത്, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ബസിജ് ഡെപ്യൂട്ടി മേധാവി ഖാസിം ഖുറൈഷിയും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് ലാരിജാനി. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്ന ലാരിജാനി ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവുമായിട്ടാണ് അറിയപ്പെടുന്നത്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യു.എസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തിൽ രാജ്യത്തിന്റെ പരമോന്നത നേതാവുൾപ്പെടെ കൊല്ലപ്പെട്ടിട്ടും ഇറാനെ ശക്തമായി മുന്നോട്ട് നയിക്കുന്നതിൽ അലി ലാരിജാനി വലിയ പങ്കുവഹിച്ചിരുന്നു. ലാരിജാനിയുടെ തലക്ക് നേരത്തെ യു.എസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ, ഖുദ്സ് ദിനത്തിൽ അദ്ദേഹം തെഹ്റാനിൽ പതിനായിരക്കണക്കിന് ആളുകൾക്കൊപ്പം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കുകൊണ്ടതും വലിയ വാർത്തയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനകം, ഇറാനിൽ 1500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശം തുടരുന്ന ലബനാനിൽ 15 ദിവസത്തിനിടെ 850 പേർ കൊല്ലപ്പെടുകയും എട്ടുലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരാവുകയും ചെയ്തു. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!