കുവൈത്ത് സിറ്റി: പ്രവർത്തന സന്നദ്ധത വിലയിരുത്തുന്നതിനും പൊതുജന സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബ് രാജ്യത്തുടനീളമുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ പരിശോധന നടത്തി. സുരക്ഷാ ഡയറക്ടറേറ്റ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ-അതിഖി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിവിധ സുരക്ഷാ ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് എന്നിവയുടെ ചെക്ക്‌പോസ്റ്റുകൾ സംഘം സന്ദർശിച്ചു. പര്യടനത്തിനിടെ, ചെക്ക്‌പോസ്റ്റുകളിലെ ഫീൽഡ് പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ വിന്യാസവും അൽ വുഹൈബ് അവലോകനം ചെയ്തു. സ്ഥിരത വർദ്ധിപ്പിക്കുന്നതിനും നിയമവാഴ്ച നടപ്പിലാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള സുരക്ഷാ പദ്ധതികളെയും മുൻകരുതൽ നടപടികളെയും കുറിച്ച് ഉദ്യോഗസഥർ അദ്ദേഹത്തിന് വിശദീകരിച്ചു. സുരക്ഷ നിലനിർത്തുന്നതിലും, നിയമലംഘകരെ പിടികൂടുന്നതിലും ചെക്ക്‌പോസ്റ്റുകളുടെ നിർണായക പങ്ക് അണ്ടർസെക്രട്ടറി എടുത്തുപറഞ്ഞു.

സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി പരിശോധന
M
MadhyamamSource Link
about 2 months ago