കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് സന്ദർശിച്ചു. ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദി, ആരോഗ്യ മന്ത്രാലയം സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് സെൽ തെറാപ്പി ഡയറക്ടർ റീം അൽ റദ്വാൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രക്തബാങ്കിന്റെ പ്രവർത്തനരീതികളെക്കുറിച്ചും രക്തത്തിന്റെയും പ്ലേറ്റ്‌ലെറ്റിന്റെയും ഘട്ടങ്ങളെക്കുറിച്ചും ഉദ്യോഗസഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള രക്തദാന കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും ആവശ്യത്തിന് രക്തവും പ്ലേറ്റ്‌ലെറ്റ് കരുതലും ഉറപ്പാക്കാൻ സ്വീകരിച്ച പദ്ധതികളും അറിയിച്ചു. രക്തം ദാനം ചെയ്ത പൗരന്മാർക്കും താമസക്കാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സമൂഹത്തിനുള്ളിലെ ഐക്യദാർഢ്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന അവരുടെ സംരംഭത്തെ പ്രശംസിച്ചു. കേന്ദ്ര രക്തബാങ്കിലും അനുബന്ധ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന മെഡിക്കൽ, സാങ്കേതിക ജീവനക്കാരുടെ മാനുഷികവും ദേശീയവുമായ പങ്കിനെയും അഭിനന്ദിച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ രക്തശേഖരത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തത്തോടെയും സഹകരണത്തോടെയും തുടർന്നും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഉണർത്തി.

സെൻട്രൽ ബ്ലഡ് ബാങ്ക് സന്ദർശിച്ചു; രക്തദാനത്തെ പ്രോൽസാഹിപ്പിച്ചു പ്രധാനമന്ത്രി
M
MadhyamamSource Link
about 2 months ago