മംഗളൂരു: ബിസിനസിനായി ഉപയോഗിക്കുമെന്ന വ്യാജേന പൊതുജനങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് വിദേശ ഓപറേറ്റർമാരുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പിനായി ആ അക്കൗണ്ടുകൾ ഉപയോഗിച്ച കേസിൽ രണ്ടു പേരെ മംഗളൂരു സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കുളൂർ കസബ ബെൻഗ്രെയിൽ താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് അനീഷ് (30), സൂറത്ത്കൽ ഏഴാം ബ്ലോക്കിൽ താമസിക്കുന്ന അഹമ്മദ് മുസ്തഫയുടെ മകൻ എം. സലീത്ത് അഹമ്മദ് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, 18 ഡെബിറ്റ് കാർഡുകൾ, 17 ബാങ്ക് പാസ്ബുക്കുകൾ, ആറ് ചെക്ക് ബുക്കുകൾ, 1,479.31 യൂനിറ്റ് യുഎസ്ഡിടി ക്രിപ്‌റ്റോ കറൻസി, മാരുതി കാർ എന്നിവ പിടിച്ചെടുത്തു. മാർച്ച് 10 ന് മംഗളൂരു സ്വദേശിയായ മുഹമ്മദ് സിനാൻ തന്റെ പരിചയക്കാരായ മുഹമ്മദ് അനീഷ്, സലീത്ത് അഹമ്മദ് എന്നിവർ ട്രേഡിങ് ബിസിനസിനായി ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയതായി പരാതി നൽകിയതിനെ തുടർന്നാണ് കേസ് വെളിച്ചത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ പൊതുജനങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് സൈബർ തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇന്ത്യയിലെ വ്യക്തികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് യു.എസ്ഡി.ടി ക്രിപ്‌റ്റോ കറൻസി വാങ്ങിയ പ്രതികൾ പിന്നീട് വാട്ട്‌സാപ്പിലും ടെലിഗ്രാമിലും ഉണ്ടാക്കിയ കോൺടാക്ടുകൾ വഴി ചൈന ആസ്ഥാനമായുള്ള സൈബർ തട്ടിപ്പുകാർക്ക് ഉയർന്ന വിലക്ക് വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സൈബർ തട്ടിപ്പിനായി ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതികൾക്ക് പൂർണമായി അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ കൂടുതൽ പരിശോധിച്ചതിലും തുടർന്നുള്ള ചോദ്യം ചെയ്യലിലും മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകളിൽ നിന്ന് 70 ലധികം ബാങ്ക് അക്കൗണ്ടുകൾ പ്രതികൾ ശേഖരിച്ചതായി പൊലീസ് കണ്ടെത്തി. ഇതിൽ 37 ബാങ്ക് അക്കൗണ്ടുകൾ ഇതിനകം തന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്തിട്ടോണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 88 ലധികം പരാതികൾ രജിസ്റ്റർ ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനും ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

സൈബർ തട്ടിപ്പിന് മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച രണ്ടുപേർ അറസ്റ്റിൽ
M
MadhyamamSource Link
about 2 months ago