റിയാദ്: ഇറാനിൽ നിന്നുള്ള പ്രകോപനരഹിതമായ ആക്രമണങ്ങളെ സൗദി സായുധ സേന അതീവ കാര്യക്ഷമതയോടെ പ്രതിരോധിക്കുകയാണെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും സൈന്യം പുലർത്തുന്ന മികവിനെ അദ്ദേഹം പ്രകീർത്തിച്ചു. വിവിധ സൈനിക വിഭാഗങ്ങളിലെ പോരാളികൾ കാട്ടുന്ന വീര്യത്തിലും അർപ്പണബോധത്തിലും താൻ അഭിമാനിക്കുന്നുവെന്ന് മന്ത്രി എക്സിലൂടെ വ്യക്തമാക്കി. ദിവസങ്ങളായി സൗദിയെ ലക്ഷ്യം വെച്ചുള്ള ഇറാനിയൻ മിസൈലുകളും ഡ്രോണുകളും തകർത്ത് ശക്തമായ പ്രതിരോധമാണ് സൈന്യം നടത്തുത്. സുപ്രധാന മേഖലകൾ, സൈനിക കേന്ദ്രങ്ങൾ, സെൻസിറ്റീവ് സൈറ്റുകൾ എന്നിവയെ വ്യോമ ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിൽ സൗദി വ്യോമ പ്രതിരോധ സംവിധാനം വലിയ പ്രഫഷനലിസമാണ് പ്രകടിപ്പിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളും വിഭവങ്ങളും സംരക്ഷിക്കുന്നതിൽ സൈന്യം വലിയ ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം മന്ത്രി അഭ്യർഥിച്ചു. ആകാശത്ത് മിസൈലുകളോ ഡ്രോണുകളോ പോലുള്ള സംശയാസ്പദമായ കാഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ തന്നെ ‘തവക്കൽനാ’ ആപ്ലിക്കേഷൻ വഴി അധികൃതരെ അറിയിക്കണം. ഇതിനായി പ്രതിരോധ മന്ത്രാലയം ആപ്പിൽ പുതിയ സേവനം ആരംഭിച്ചിട്ടുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ റിപ്പോർട്ടുകൾ ലഭിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കാൻ സൈന്യത്തെ സഹായിക്കുമെന്നും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ സൈന്യത്തോടൊപ്പം ഓരോ പൗരനും തുല്യപങ്കാളിയാണെന്നും അമീർ ഖാലിദ് ബിൻ സൽമാൻ ഓർമിപ്പിച്ചു.

സൈന്യത്തിന്റെ മികവിൽ അഭിമാനമെന്ന് പ്രതിരോധ മന്ത്രി
M
MadhyamamSource Link
about 2 months ago