ന്യൂഡൽഹി: സൊമാറ്റോ പ്ലാറ്റ്ഫോം നിരക്ക് വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ നിരക്ക് വർധനയുമായി ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും. ഇതോടെ സ്വിഗ്ഗിയിൽ ഒരു ഓർഡറിന് ജി.എസ്.ടി ഉൾപ്പെടെ 17.58 രൂപ പ്ലാറ്റ്ഫോം നിരക്കായി നൽകേണ്ടിവരും. നേരത്തേ, ഒരു ഓർഡറിന് 14.99 രൂപയായിരുന്നു ഫീസ്. ഇതിൽ 17 ശതമാനം വർധനയാണ് വരുത്തിയത്. പുതുക്കിയ ഫീ സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും സഹായിക്കുമെന്ന് സ്വിഗ്ഗി ആപ്പിലൂടെ ഉപഭോക്താക്കൾക്കായി സന്ദേശം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചിരുന്നു. ഒരു ഓർഡറിന് 12.50 രൂപയിൽനിന്ന് 14.90 രൂപയായി പ്ലാറ്റ്ഫോം ഫീസ് ഉയർത്തുകയായിരുന്നു. 2.40 രൂപയാണ് വർധന. പുതിയ വർധന ഉപഭോക്താക്കൾക്ക് ഭക്ഷണം വാങ്ങൽ കൂടുതൽ ചെലവേറിയതാക്കും. പ്ലാറ്റ്ഫോം ഫീസ് വർധന പതിവ് ഗുണഭോക്താക്കളെയാണ് കൂടുതൽ വലക്കുക. ഇവർ പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ മാത്രമായി വൻതുക നൽകേണ്ടിവരും. വർധിച്ചുവരുന്ന സാങ്കേതിക ചെലവുകൾ, ആപ്പിന്റെ പരിപാലനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവക്കായി നിരക്ക് വർധന അനിവാര്യമാണെന്നാണ് കമ്പനികളുടെ വാദം. അതേസമയം, സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും പുതിയ എതിരാളികളായ റാപ്പിഡോ അടിസ്ഥാന ഡെലിവറി നിരക്ക് ഒഴികെ മറ്റു ചാർജുകൾ ഉപഭോക്താക്കളിൽനിന്നോ റസ്റ്ററന്റുകളിൽനിന്നോ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് റാപ്പിഡോ ‘ഓൺലി’ എന്ന പേരിൽ ഭക്ഷണവിതരണം നടത്തുന്നത്.

സൊമാറ്റോക്ക് പിന്നാലെ പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സ്വിഗ്ഗിയും; ഒരു ഓർഡറിന് 17.58 രൂപ നൽകണം
M
MadhyamamSource Link
about 2 months ago