ന്യൂഡൽഹി: അണുബാധയെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് സോണിയ ഗാന്ധി ചികിത്സയോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയത്. ശരീരത്തിലുണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് 79കാരിയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അവർക്ക് ആന്റിബയോട്ടിക് ചികിത്സയാണ് നൽകിവരുന്നത്. സോണിയ ഗാന്ധിയുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യസ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കടുത്ത പനിയെത്തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ എത്തിച്ചത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പെട്ടെന്നുള്ള പനിക്ക് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. മുൻകരുതൽ എന്ന നിലയിൽ രണ്ട് ദിവസം കൂടി സോണിയ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില സ്ഥിരമാണെങ്കിലും പൂർണ്ണമായ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം; രണ്ടുദിവസം കൂടി നിരീക്ഷണത്തിൽ തുടരും
M
MadhyamamSource Link
about 1 month ago