മുംബൈ: സ്കൂൾ വാർഷിക ആഘോഷത്തിൽ നൃത്തച്ചുവടുകൾവെച്ച് മടങ്ങിയ ആറുകുട്ടികളെയും അർദ്ധരാത്രിയോടെ മരണം തട്ടിയെടുത്തതിന്‍റെ ആഘാതത്തിലാണ് നാസിക്കിലെ ദിൻഡോരി ഗ്രാമം. സ്കൂൾ വാർഷിക ആഘോഷത്തിന് നൃത്തംവെച്ച കുട്ടികൾ രക്ഷകർത്താക്കൾക്കൊപ്പം മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ച കാർ റോഡരികിലെ വെള്ളംനിറഞ്ഞ വലിയകിണറിലേക്ക് മറിയുകയായിരുന്നു. കിണറിന് മൂടിയിലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. കുട്ടികളുടെ പ്രകടനം കാണാൻ എത്തിയ മൂന്ന് മുതിർന്നവരും കുട്ടികളോടൊപ്പം അപകടത്തിൽ മരിച്ചു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. ഇന്ധോർ സ്വദേശികളായ സുനിൽ ദത്താത്രേയ ദർഗോഡെ(35), ഭാര്യ രേഷ്മ(30), മകൾ രാഖി(10), ഇവരുടെ ബന്ധുക്കളായ മാധുരി(13), ശ്രാവണി(11), സമൃദ്ധി(7), ആശ അനിൽ ദർഗോഡെ(32), ആശയുടെ മകൻ ശ്രേയാഷ്(11), മകൾ സൃഷ്ടി(14), എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ നാസിക്കിന് സമീപം ദിൻഡോരിയിലായിരുന്നു അപകടം. ലായ് ഭാരിയിലെ പ്രശസ്തമായ മൗലി മൗലി ഗാനവും മറ്റ് ഗാനങ്ങളും വെച്ചായിരുന്നു കുട്ടികൾ നൃത്തം ചെയ്തത്. സുനിൽ ദത്താത്രേയ ആണ് വാഹനമോടിച്ചിരുന്നത്. കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെള്ളംനിറഞ്ഞ വലിയ കിണറിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. അപകടം നടന്നയുടൻ പൊലീസും അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. എന്നാൽ, കിണറ്റിൽ നിറയെ വെള്ളമുള്ളതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായി. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് കാർ പുറത്തെടുക്കാനായത്.

സ്കൂൾ വാർഷികത്തിൽ നൃത്തച്ചുവടുകൾവെച്ച് അവർ ആറുപേരും മടങ്ങിയത് മരണത്തിലേക്ക്
M
MadhyamamSource Link
about 1 month ago