സ്ഥാനാർഥി നിർണയം കീറാമുട്ടി, ലീഗ് കാസർകോട് ഭാരവാഹികൾ ഇന്ന് മലപ്പുറത്ത്

സ്ഥാനാർഥി നിർണയം കീറാമുട്ടി, ലീഗ് കാസർകോട് ഭാരവാഹികൾ ഇന്ന് മലപ്പുറത്ത്

M
MadhyamamSource Link
കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയം കീറാമുട്ടിയായിരിക്കെ, പ്രശ്നം പരിഹരിക്കാൻ ജില്ല നേതാക്കളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു. കെ.എം. ഷാജിയെ മാറ്റിനിർത്തുന്നതിൽ ഏതാണ്ട് വിജയിച്ചെങ്കിലും പകരം ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താനായില്ല. ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ, ട്രഷറർ മുനീർ ഹാജി എന്നിവർ തമ്മിലായിരുന്നു തർക്കം. തർക്കംമൂത്തപ്പോൾ എൻ.എ. നെല്ലിക്കുന്നിന് ഒരു അവസരം കൂടി നൽകി പരിഹാരത്തിന് ശ്രമിച്ചു. ഇതോടെ കല്ലട്ര വിഭാഗം ഷാജിയിൽ ഒത്തുതീർപ്പിന് തയാറായി. അത് മുന്നോട്ടുനീങ്ങിയപ്പോഴാണ് ഷാജിക്കെതിരെ പോസ്റ്റർ പതിഞ്ഞത്. ഇത് ജില്ല നേതൃത്വത്തിൽ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമായതോടെയാണ് ജില്ല ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിപ്പിച്ചത്. ജില്ല പ്രസിഡന്റും ട്രഷററും രണ്ട് ചേരിയിൽ നിലയുറപ്പിച്ചതോടെ ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാന്റെ നിലപാട് നിർണായകമാണ്. അതേസമയം, മുസ്‍ലിംലീഗ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ ചർച്ചകൾ തിങ്കളാഴ്ച മലപ്പുറത്ത് നടന്നു. ഇതുപ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ ധാരണയായി. കെ.എം ഷാജിയെ വേങ്ങരയിലേക്കും പി.കെ. ഫിറോസിനെ കൊടുവള്ളിയിലേക്കും പരിഗണിക്കും. എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് തുടരും. കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വെച്ചുമാറ്റം സംബന്ധിച്ച ചർച്ചകളും തിങ്കളാഴ്ച നടന്നു. ഡൽഹിയിലുള്ള കോൺഗ്രസ് നേതാക്കളുമായി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ആശയവിനിയമം നടന്നു. തിരുവമ്പാടിക്ക് പകരം തവനൂർ ലീഗിന് നൽകുന്നതിനോട് കോൺഗ്രസ് സംസ്ഥാന നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, മലപ്പുറം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തവനൂർ ലീഗിന് നൽകിയാൽ തിരുവമ്പാടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ മത്സരിപ്പിക്കും. കോൺഗ്രസുമായുള്ള സീറ്റ് ചർച്ച പൂർത്തിയായെന്ന് ലീഗ് നേതൃയോഗത്തിന് ശേഷം സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. തവനൂർ സീറ്റ് സംബന്ധിച്ച അനിശ്ചിതത്വം പരിഹരിച്ചാൽ ലീഗിന്റെ സ്ഥാനാർഥികളെ ചൊവ്വാഴ്ച വൈകീട്ടുതന്നെ പ്രഖ്യാപിച്ചേക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്ഥാനാർഥി നിർണയം കീറാമുട്ടി, ലീഗ് കാസർകോട് ഭാരവാഹികൾ ഇന്ന്… | Boolokam