റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രശംസകൾ കൊണ്ട് മൂടി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്വന്തം രാജ്യത്തിെൻറ സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത കരുത്തനായ പോരാളിയാണ് കിരീടാവകാശിയെന്ന് ട്രംപ് വിശേഷിപ്പിച്ചു. മിയാമിയിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ്’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരു മികച്ച സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തെപ്പോലൊരു നേതാവ് ഉള്ളതിൽ സൗദി അറേബ്യ അഭിമാനിക്കണമെന്നും കൂട്ടിച്ചേർത്തു. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ദൃഢനിശ്ചയത്തെ ഒരു ‘മഹാനായ വ്യക്തിയുടെ’ അടയാളമായാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്. സൗദി അറേബ്യയും അമേരിക്കയും തമ്മിൽ നിലവിലുള്ള പ്രതിരോധ കരാറിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായി ട്രംപ് വിശേഷിപ്പിച്ചു. നാറ്റോയ്ക്ക് പുറത്തുള്ള അമേരിക്കയുടെ പ്രധാന സഖ്യകക്ഷി എന്ന പദവി സൗദി അറേബ്യക്ക് നൽകിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഇറാെൻറ ഭീഷണികളെ നേരിടാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ആവർത്തിച്ചു. ഗൾഫ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം ഗൗരവത്തോടെ പരാമർശിച്ചു. വാഷിങ്ടണുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) നേതാക്കളുടെ നിലപാടിനെ ട്രംപ് അഭിനന്ദിച്ചു. ഭൂമിശാസ്ത്രപരമായ സ്ഥാനം പരിഗണിക്കുമ്പോൾ, പല സുപ്രധാന സംഭവവികാസങ്ങളിലും നാറ്റോയേക്കാൾ വേഗത്തിൽ ഇടപെടാൻ സാധിക്കുന്നവരാണ് ഗൾഫ് രാജ്യങ്ങളെന്നും അദ്ദേഹം നിരീക്ഷിച്ചു.

സൗദി അറേബ്യയെയും കിരീടാവകാശിയേയും പ്രശംസിച്ച് ഡോണൾഡ് ട്രംപ്
M
MadhyamamSource Link
about 1 month ago