ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും മിതമായ മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, മദീന, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴയും മിന്നലും പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഈ മേഖലകളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ശക്തമായ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം തബൂക്ക്, ഹാഇൽ, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ താപനില കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ പൊടിയും മണലും ഉയരാൻ കാരണമാകുന്ന ശക്തമായ ഉപരിതല കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സൗദിയിൽ കാറ്റും മഴയും തുടരും; ജാഗ്രത നിർദേശവുമായി കാലാവസ്ഥ കേന്ദ്രം
M
MadhyamamSource Link
about 2 months ago