സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കുള്ളിൽ 21,000 പേർ പിടിയിൽ; 8,000 പേരെ നാടുകടത്തി

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കുള്ളിൽ 21,000 പേർ പിടിയിൽ; 8,000 പേരെ നാടുകടത്തി

M
MadhyamamSource Link
റിയാദ്: സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സംയുക്ത ഫീൽഡ് പരിശോധനയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 21,320 നിയമലംഘകരെ സുരക്ഷ സേന പിടികൂടി. പിടിയിലായവരിൽ താമസ നിയമം ലംഘിച്ച 15,339 പേരും, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച 3,687 പേരും, തൊഴിൽ നിയമങ്ങൾ പാലിക്കാത്ത 2,294 പേരും ഉൾപ്പെടുന്നു. അതിർത്തി കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 1,683 പേരെയും സുരക്ഷ വിഭാഗം പിടികൂടിയിട്ടുണ്ട്. ഇവരിൽ 62 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 36 ശതമാനം പേർ യമനികളുമാണ്; ബാക്കി രണ്ട്​ ശതമാനം മറ്റ് രാജ്യക്കാരാണ്. കൂടാതെ, അതിർത്തി വഴി നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 72 പേരും, നിയമലംഘകർക്ക് താമസസൗകര്യവും ജോലിയും നൽകി സഹായിച്ച 22 പേരും അറസ്​റ്റിലായവരിൽ ഉൾപ്പെടുന്നു. നിലവിൽ 19,965 പുരുഷന്മാരും 1,608 സ്ത്രീകളും ഉൾപ്പെടെ ആകെ 21,573 വിദേശികളാണ് ശിക്ഷ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം 14,363 നിയമലംഘകരെ യാത്ര രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് കൈമാറി. 2,206 പേരെ യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി റഫർ ചെയ്തതായും 8,104 പേരെ ഇതിനോടകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തി സുരക്ഷ നിയമം ലംഘിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായമോ താമസ സൗകര്യമോ ഗതാഗത സൗകര്യമോ നൽകുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം, താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. രാജ്യത്തി​ന്റെ അഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കുള്ളിൽ 21,… | Boolokam