സൗദിയും റഷ്യയും തമ്മിൽ വിസ ഇളവ് മെയ് 11 മുതൽ; 90 ദിവസം വരെ താമസിക്കാം

സൗദിയും റഷ്യയും തമ്മിൽ വിസ ഇളവ് മെയ് 11 മുതൽ; 90 ദിവസം വരെ താമസിക്കാം

M
MadhyamamSource Link
റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പരസ്പര വിസ ഇളവ് കരാർ ഈ വർഷം മെയ് 11 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രവേശന വിസകളിൽ ഇളവ് നൽകുന്നതിനായി കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച കരാറാണ് മെയ് പകുതിയോടെ നടപ്പാകുന്നത്. ഇതോടെ സൗദി-റഷ്യൻ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ തന്നെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. ടൂറിസം, ബിസിനസ് സന്ദർശനങ്ങൾ, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ എന്നീ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഒരു വർഷത്തിനിടയിൽ തുടർച്ചയായോ അല്ലാതെയോ 90 ദിവസം വരെ തങ്ങാൻ പുതിയ കരാർ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. എന്നാൽ ജോലി, പഠനം, താമസം, ഹജ്ജ് എന്നിവയ്ക്കായി എത്തുന്നവർക്ക് ഈ ഇളവ് ബാധകമല്ലെന്നും ഇത്തരം ആവശ്യങ്ങൾക്ക് നിലവിലുള്ളത് പോലെ പ്രത്യേക വിസകൾ തന്നെ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ മേഖലകളിലും സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഭരണകൂടത്തി​െൻറ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നത്. സൗദിയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തവും വേറിട്ട ബന്ധവും അടിവരയിടുന്നതാണ് ഈ നീക്കം. വിനോദസഞ്ചാരം, സാമ്പത്തികം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്​ടിക്കാനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാനും ഈ വിസ ഇളവ് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദിയും റഷ്യയും തമ്മിൽ വിസ ഇളവ് മെയ് 11 മുതൽ; 90 ദിവസം വരെ… | Boolokam