ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിനും വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ നേതാക്കൾ ചർച്ച ചെയ്തു. സാമ്പത്തിക-വികസന മേഖലകളിൽ പുതിയ അവസരങ്ങൾ തേടുന്നതിനൊപ്പം, പ്രാദേശികവും അന്തർദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പ്രത്യേകിച്ച്, മേഖലയിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി പാകിസ്താെൻറ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിന് നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടതിെൻറ അനിവാര്യത ഇരുവരും അടിവരയിട്ടു. പാകിസ്താെൻറ പുരോഗതിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും പാക് കരസേനാ മേധാവി ജനറൽ അസീം മുനീറും നടത്തുന്ന ശ്രമങ്ങളെ കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. ഒരു മാസത്തിനിടെ പാക് പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ സൗദി സന്ദർശനമാണിത് എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അടുപ്പത്തിെൻറ ആഴം വ്യക്തമാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയും പാകിസ്താനും തമ്മിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിെൻറ തുടർച്ചയായുള്ള സഹകരണവും സന്ദർശനത്തിൽ ചർച്ചാവിഷയമായി.

സൗദി കിരീടാവകാശിയുമായി ഷഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി; സൗദി
M
MadhyamamSource Link
23 days ago