റിയാദ്: സൗദി അറേബ്യയി ലെ പ്രധാന തുറമുഖങ്ങളിൽ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് ചാർജ് ഇളവ് കാലാവധി 60 ദിവസത്തേക്ക് നീട്ടിക്കൊണ്ട് ജനറൽ അതോറിറ്റി ഓഫ് പോർട്സ് (മവാനി) പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ച് 26 മുതൽ ഈ പരിഷ്കരിച്ച ഇളവുകൾ പ്രാബല്യത്തിൽ വന്നതായി അതോറിറ്റി അറിയിച്ചു. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈൽ വാണിജ്യ തുറമുഖം എന്നിവിടങ്ങളിൽ എത്തുന്ന ട്രാൻസിറ്റ്, ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നറുകൾ, ഫ്ലാറ്റ്ബെഡുകൾ, ട്രെയിലറുകൾ, സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ എന്നിവക്കുള്ള ഇളവ് കാലാവധി 60 ദിവസമായി വർദ്ധിപ്പിച്ചു. ഇൻറർനാഷനൽ മാരിടൈം ഡേഞ്ചറസ് ഗുഡ്സ് (ഐ.എം.ഡി.ജി) കോഡിൽ ഉൾപ്പെട്ട ഭൂരിഭാഗം വിഭാഗങ്ങൾക്കും ഈ 60 ദിവസത്തെ ഇളവ് ബാധകമാണ്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ കാറ്റഗറി ഒന്ന്, അഞ്ച്, ഏഴ് എന്നിവയ്ക്ക് പ്രത്യേക നിബന്ധനകൾ തുടരും. അതേസമയം ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈൽ വാണിജ്യ തുറമുഖം എന്നിവിടങ്ങളിലെ ഐ.എം.ഡി.ജി കാറ്റഗറി ഒന്ന്, അഞ്ച്, ഏഴ് വിഭാഗങ്ങളിൽപ്പെട്ട ട്രാൻസിറ്റ് ചരക്കുകൾക്കും കണ്ടെയ്നറുകൾക്കും 60 ദിവസത്തെ ഇളവ് അനുവദിക്കും. സൗദിയിലെ ചരക്ക് നീക്കം സുഗമമാക്കുന്നതിനും വ്യാപാര മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതിനുമാണ് ഈ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് മവാനിയുടെ ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കുന്നു.

സൗദി തുറമുഖങ്ങളിൽ ചരക്കുകളുടെ സ്റ്റോറേജ് ചാർജ് ഇളവ് നീട്ടി
M
MadhyamamSource Link
about 1 month ago