റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനായുള്ള ധാരണാപത്രത്തിന് സൗദി പാർലിമെൻറായ ശൂറ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച റിയാദിൽ ചേർന്ന കൗൺസിലിെൻറ 26-ാമത് സാധാരണ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ, സൗദി സാംസ്കാരിക മന്ത്രാലയവും ഇന്ത്യൻ സാംസ്കാരിക മന്ത്രാലയവും തമ്മിലുള്ള സഹകരണ പദ്ധതികൾക്ക് ഔദ്യോഗിക അനുമതി നൽകുകയായിരുന്നു. ഈ ധാരണപത്രം നിലവിൽ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ വിപുലമായ പങ്കാളിത്തത്തിന് വഴിയൊരുങ്ങും. ചരിത്രപരമായ ബന്ധമുള്ള സൗദിയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയം കൂടുതൽ ഊർജിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളിലെയും കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സംയുക്ത വേദികൾ ഒരുക്കുന്നതിനും, പ്രദർശനങ്ങളും സാംസ്കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിനും ഈ കരാർ വലിയ പിന്തുണയാകും. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി സാംസ്കാരിക മേഖലയിൽ നടന്നു വരുന്ന വലിയ മാറ്റങ്ങൾക്ക് ഇന്ത്യയുമായുള്ള ഈ സഹകരണം മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യാന്തര തലത്തിൽ ഇരു രാജ്യങ്ങളും പുലർത്തുന്ന സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം, വരും തലമുറകൾക്ക് പരസ്പര സംസ്കാരങ്ങളെ അടുത്തറിയാനുള്ള മികച്ച അവസരമായി ഈ പുതിയ ധാരണപത്രം മാറും.

സൗദി-ഇന്ത്യ സാംസ്കാരിക സഹകരണം;നിർണായക ധാരണപത്രത്തിന് സൗദി ശൂറ കൗൺസിൽ അംഗീകാരം നൽകി
M
MadhyamamSource Link
18 days ago