തിരുവനന്തപുരം: ബി.ജെ.പിയുടെ ഓഫിസ് സീല്‍ പതിച്ച സര്‍ക്കുലര്‍ മറ്റു പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന് വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരായ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സർക്കുലർ വെറുമൊരു ഉദ്യോഗസ്ഥന്റെ പിഴവായി മാത്രം കണ്ട് നിസ്സാരവത്കരിക്കാനാവില്ല. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്തരം പ്രധാന ആശയവിനിമയങ്ങൾ പുറത്തേക്ക് അയക്കുന്നത് അബദ്ധമായോ യാദൃശ്ചിക വീഴ്ചയായോ തള്ളിക്കളയാനാകില്ല. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന് തലത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേരളത്തിലെ സി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും അറിയിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരിച്ചവർക്കെതിരെ കമീഷന്റ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കും. വിമർശനങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയോ, അപകീർത്തികരമാകുകയോ, വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് കാരണമാകുകയോ ചെയ്യാത്തിടത്തോളംകാലം അവയെ അഭിപ്രായ പ്രകടനങ്ങളായിവേണം കാണാൻ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളിൽ സമ്പൂർണ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്നും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.

സർക്കുലറിൽ പ്രതികരിച്ചവർക്കെതിരെ നടപടി: കമീഷന് മുഖ്യമന്ത്രിയുടെ കത്ത്
M
MadhyamamSource Link
about 1 month ago