റിയാദ്: ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ഈ വർഷം ഹജ്ജിന് പോകുന്ന 1,75,025 പേർക്കും സുരക്ഷിതവും ആത്മീയമായി സംതൃപ്തി നൽകുന്നതുമായ യാത്ര അദ്ദേഹം നേർന്നു. തീർത്ഥാടകരുടെ ഓരോ ചുവടിലും കേന്ദ്ര സർക്കാരിെൻറ പൂർണമായ പിന്തുണയും കരുതലും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തീർത്ഥാടകർക്ക് സുഗമവും ആശ്വാസകരവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം നടപ്പാക്കിയ പുതിയ മാറ്റങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. മക്കയിൽ ഇത്തവണ ഹോട്ടൽ മാതൃകയിലുള്ള മികച്ച താമസസൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മക്ക-മദീന നഗരങ്ങൾക്കിടയിൽ 60,000 തീർത്ഥാടകർക്ക് അതിവേഗ ട്രെയിൻ യാത്ര ഉറപ്പാക്കിയിട്ടുണ്ട്. ഓരോ തീർത്ഥാടകനും ഏകദേശം 6,25,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഇത്തവണ ലഭ്യമാക്കുന്നുണ്ട്. തീർത്ഥാടകർക്ക് വഴി തെറ്റാതിരിക്കാനും സഹായം വേഗത്തിൽ ലഭ്യമാക്കാനും ‘ഹജ്ജ് സുവിധ സ്മാർട്ട് റിസ്റ്റ് ബാൻഡുകൾ’, ‘ഹജ്ജ് സുവിധ ആപ്പ്’ എന്നിവ ഏർപ്പെടുത്തിയ കാര്യം മന്ത്രി പ്രത്യേകം സൂചിപ്പിച്ചു. ആദ്യമായി നടപ്പാക്കിയ 20 ദിവസമെന്ന കുറഞ്ഞ ദൈർഘ്യമുള്ള ഹജ്ജ് ഓപ്ഷൻ തീർത്ഥാടകർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച രാജ്യത്തെ വിവിധ എംബാർക്കേഷൻ പോയിൻറുകളിൽ നിന്ന് ആദ്യ സംഘം യാത്ര തിരിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 17 കേന്ദ്രങ്ങൾ വഴിയാണ് സർവീസുകൾ നടക്കുന്നത്. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും പരാതികൾ തത്സമയം പരിഹരിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി അധികൃതരുമായി ചേർന്ന് ഇന്ത്യ അതിശക്തമായ ഏകോപനമാണ് നടത്തുന്നതെന്നും, തീർത്ഥാടകർ ആരോഗ്യ-യാത്രാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഹജ്ജ് തീർത്ഥാടകർക്ക് ആശംസകളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
M
MadhyamamSource Link
22 days ago