സംവിധായകൻ ഒമർ ലുലു തന്റെ ആദ്യ സിനിമയായ ‘ഹാപ്പി വെഡിങ്ങിന്റെ’ രണ്ടാം ഭാഗവുമായി എത്തുന്നു. 2016 ൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ചിത്രം മലയാളികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ആദ്യ ഭാഗത്തിന്റെ അതേ ശൈലിയിൽ തന്നെയായിരിക്കും രണ്ടാം ഭാഗവും ഒരുങ്ങുന്നത്. ചിത്രത്തിന്റെ കാസ്റ്റ്, ക്രൂ, മറ്റ് അണിയറ പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒമർ ലുലുവിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് ഹാപ്പി വെഡിങ്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫിസിൽ വലിയ വിജയമാണ് നേടിയത്. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ദൃശ്യ രഘുനാഥ്, അനു സിത്താര, ഗ്രേസ് ആന്റണി, മരീന മൈക്കൽ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഹാപ്പി വെഡിങ്ങിന് ശേഷം 'അഡാർ ലൗ', 'ധമാക്ക', 'നല്ല സമയം' തുടങ്ങി ആറോളം ചിത്രങ്ങൾ ഒമർ ലുലു സംവിധാനം ചെയ്തിരുന്നു. എങ്കിലും സിജു വിൽസൺ ഷറഫുദ്ദീൻ സൗബിൻ കൂട്ടുകെട്ട് തകർത്തഭിനയിച്ച ഹാപ്പി വെഡിങ്ങിനോളം ജനപ്രീതി ഒമർ ലുലുവിന്റെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല. ഈ വിജയക്കൂട്ടു തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒമർ ലുലു നിലവിൽ തന്റെ പുതിയ പ്രൊജക്റ്റുകളുടെ തിരക്കിലാണ്. അടുത്തിടെ അദ്ദേഹം ഒരു പാൻ-ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഹാപ്പി വെഡിങ്ങിന്റെ രണ്ടാം ഭാഗത്തിന്റെ വാർത്ത എത്തിയിരിക്കുന്നത്.

ഹാപ്പി വെഡ്ഡിങ്ങിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഒമർ ലുലു
M
MadhyamamSource Link
about 1 month ago