റിയാദ്: ലോകപ്രശസ്തമായ ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ‘ജനറൽ സൈക്യാട്രിക് മാനേജ്മെന്റ് ഫോർ ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോർഡർ’ എന്ന പ്രത്യേക പരിശീലന പരിപാടി റിയാദിലെ മലയാളി കൗൺസലിങ് സൈക്കോളജിസ്റ്റ് ഡോ. നാസിയ കുന്നുമ്മൽ വിജയകരമായി പൂർത്തിയാക്കി. ബോർഡർലൈൻ വ്യക്തിത്വ വ്യാധി അനുഭവിക്കുന്നവരുടെ മാനസികാരോഗ്യ ചികിത്സയും മാനേജ്മെന്റും അന്താരാഷ്ട്ര നിലവാരത്തിൽ കൂടുതൽ ഫലപ്രദമായി നടത്താനുള്ളതാണ് ഈ പരിശീലനം. ഡോ. നാസിയ സ്ഥാപിച്ച അഡ്വാൻസ്ഡ് മൊബൈൽ കൗൺസലിങ് സെന്റർ വഴി അമേരിക്ക, യു.കെ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഓൺലൈൻ കൗൺസലിങ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. യു.കെയിലെ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസലിങ് ആൻഡ് സൈക്കോതെറാപ്പി മാനദണ്ഡങ്ങൾ പ്രകാരമുള്ള ഓൺലൈൻ-ടെലിഫോൺ കൗൺസലിങ്ങിലും ഇവർ പ്രത്യേക സർട്ടിഫിക്കേഷനും പരിശീലനവും നേടിയിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി ഡിപ്ലോമയുള്ള ഡോ. നാസിയ, കഴിഞ്ഞ ഡിസംബറിൽ ഇറ്റലിയിലെ സെലിനസ് യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ലിറ്ററേച്ചറിൽനിന്ന് കൗൺസലിങ് സൈക്കോളജിയിൽ പി.എച്ച്.ഡി നേടി. നിലവിൽ റിയാദിലെ ഡിമോയിസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കാദമിക് ഹെഡും ട്രെയിനറുമായി പ്രവർത്തിക്കുന്ന ഇവർ സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി ഉടമ കൂടിയാണ്.

ഹാർവാർഡ് മെഡിക്കൽ സ്കൂളിൽനിന്ന് പ്രത്യേക പരിശീലനം നേടി മലയാളി സൈക്കോളജിസ്റ്റ്
M
MadhyamamSource Link
about 2 months ago