ഹിന്ദുത്വയെ തിരുത്തിയ ചരിത്രകാരൻ

ഹിന്ദുത്വയെ തിരുത്തിയ ചരിത്രകാരൻ

M
MadhyamamSource Link
ചരിത്രം വെല്ലുവിളി നേരിടുന്ന കാലമാണിത്. ബോധപൂർവം ചരിത്രം മാറ്റിയെഴുതി ഒരു ജനതയെ അപരവത്കരിക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുന്ന തീർത്തും പ്രശ്നഭരിത സമയം. ഈ വേളയിൽ നമുക്കൊപ്പം, ഊർജമായി, വെളിച്ചമായി തുടർന്ന, –തുടരേണ്ട ഡോ. കെ.എൻ. പണിക്കർ വിടവാങ്ങിയിരിക്കുന്നു. തീർത്തും വേദനയുടെ നിമിഷങ്ങളാണിത്. ഹിന്ദുത്വവാദികൾ അവരു​െട ആദ്യ കർസേവ ചരിത്രത്തിൽ നടത്തുമ്പോൾ അതിനെ പ്രതിരോധിച്ച് രാജ്യത്ത് മുന്നിൽ നിന്ന ചരിത്രകാരനാണ് കെ.എൻ. പണിക്കർ. മതനിരപേക്ഷതയുടെ ചരിത്രം എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഉയർത്തിപ്പിടിച്ചു, തിരുത്തിയെഴുതി. വള​െച്ചാടിക്കലുകളെ നിർഭയം നേരിട്ടു. ചരിത്രത്തെ മുറുകെ പിടിച്ച്, പുസ്തകത്താളുകളിൽനിന്നും അധ്യാപന മുറികളിൽനിന്നും അക്കാദമിക് ഗവേഷണങ്ങളിൽനിന്നും അദ്ദേഹം​ തെരുവിലേക്കു വന്ന് മതേതരത്വത്തിനും ജനാധിപത്യത്തിനുമായി ശബ്ദിച്ചു. സംവാദങ്ങളുടെ വേദി തുറന്നിട്ടു, വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിട്ടു, മറുപടി പറഞ്ഞു. കെ.എൻ. പണിക്കരുടെ ചരിത്ര സംഭാവനയെക്കുറിച്ച് പറയാൻ ഏറ്റവും നല്ല സൂചകം മലബാർ കലാപത്തെക്കുറിച്ച് എഴുതിയ പുസ്തകം തന്നെ. അതിൽ കാർഷിക അടിത്തറയിൽ നടന്ന സാമൂഹിക മുന്നേറ്റത്തെ പണിക്കർ ഉയർത്തിപ്പിടിച്ചു. ആ ചരിത്രഗ്രന്ഥ​െത്ത, അതിന്റെ ഗവേഷണ ​കണ്ടെത്തലുകളെ, വാദമുഖ​ങ്ങളെ നേരിടാൻ ഹിന്ദുത്വവാദികൾക്ക് ഒരിക്കലും കഴിഞ്ഞില്ല. വളരെ സൂക്ഷ്മമായി ആർക്കൈവ്സ് രേഖകൾ പരിശോധിച്ച്, ക​ണ്ടെത്തിയ വിവരങ്ങൾ യുക്തിസഹമായി നിരത്തിയപ്പോൾ അതിനെ ചോദ്യംചെയ്യാൻ പോലുമാകാതെ ഇവിടത്തെ തീവ്ര വലതുപക്ഷം വലഞ്ഞു. അങ്ങനെ കെ.എൻ. പണിക്കർ ആധുനിക കേരള ചരിത്രത്തിന്റെ ആധികാരിക ശിലയിട്ടു. അതിലാണ് പിന്നീട് നമ്മുടെ ചരിത്രം എഴുതപ്പെട്ടത്. ഇന്ത്യൻ ചരിത്രത്തിന്റെ വർഗീയ പുനർവ്യാഖ്യാനത്തിനും പാഠപുസ്തകങ്ങൾ കാവിവത്കരിക്കാൻ ശ്രമിക്കുന്നതിനും എതിരെ രാജ്യത്ത് മുഴങ്ങിയ ഏറ്റവും മൂർച്ചയുള്ള ശബ്ദമായിരുന്നു പണിക്കർ മാഷിന്റേത്. മാധ്യമത്തിന്റെ അഭ്യുദയകാംക്ഷിയും സുഹൃത്തുമായിരുന്നു കെ.എൻ. പണിക്കർ. അദ്ദേഹം ആഴ്ചപ്പതിപ്പിൽ പലവട്ടം എഴുതി. അഭിമുഖങ്ങൾക്കായി ഇരുന്നു തന്നു. ഞങ്ങളോട് പലവിധത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ ചരിത്രപോരാട്ടങ്ങളുടെ ഒരു വേദികൂടിയായി ആഴ്ചപ്പതിപ്പ് മാറിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഈ വിയോഗം. കെ.എൻ. പണിക്കർ നിർത്തിയിടത്തുനിന്ന് അതേ പാതയിൽ മുന്നോട്ടുപോവുകതന്നെയാണ് വേണ്ടത്. ചരിത്രം വളച്ചൊടിക്കപ്പെടാതെ, നിവർന്ന്, വെല്ലുവിളികൾ നേരിടാൻ പാകത്തിൽ ധിക്കാരത്തോടെ നിലയുറപ്പിക്കട്ടെ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹിന്ദുത്വയെ തിരുത്തിയ ചരിത്രകാരൻ — Madhyamam | Boolokam | Boolokam