വാഷിങ്ടൺ: ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തുന്ന സംയുക്ത ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഹുർമുസ് കടലിടുക്കി ന് സമീപമുള്ള ഇറാന്റെ മിസൈൽ താവളങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയാതായി യു.എസ് സൈന്യം അവകാശപ്പെട്ടു. കടൽ വഴിയുള്ള അന്താരാഷ്ട്ര വ്യാപാര കപ്പലുകൾക്ക് ഭീഷണിയായ ഇറാനിയൻ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. Hours ago, U.S. forces successfully employed multiple 5,000-pound deep penetrator munitions on hardened Iranian missile sites along Iran’s coastline near the Strait of Hormuz. The Iranian anti-ship cruise missiles in these sites posed a risk to international shipping in the… pic.twitter.com/hgCSFH0cqO — U.S. Central Command (@CENTCOM) March 17, 2026 അതീവ പ്രഹരശേഷിയുള്ള 5,000 പൗണ്ട് ഭാരമുള്ള 'ബങ്കർ ബസ്റ്റർ' (Bunker Buster) ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച തെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചരക്ക് കപ്പലുകൾക്ക് ഇറാനിയൻ മിസൈലുകൾ ഉയർത്തുന്ന ഭീഷണി ഒഴിവാക്കാൻ വേണ്ടിയാണ് ഇറാന്റെ മിസൈൽ താവളങ്ങൾ ആക്രമിച്ചതെന്നാണ് അമേരിക്ക നൽകുന്ന വിശദീകരണം. ഹുർമുസ് കടലിടുക്കിന് സമീപം കടൽത്തീരത്തുള്ള ഇറാന്റെ ഭൂഗർഭ മിസൈൽ താവളങ്ങളാണ് ആക്രമിച്ചത്. ഭൂമിക്കടിയിലെ കടുപ്പമേറിയ താവളങ്ങൾ തകർക്കാൻ ശേഷിയുള്ള 'ഡീപ്പ് പെനട്രേറ്റർ മുനീഷ്യൻസ്' ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അമേരിക്ക വ്യക്തമാക്കി. ഇറാൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവാണ് കൊല്ലപ്പെട്ട അലി ലാരിജാനി. ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിന് ശേഷം രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നതിൽ ലാരിജാനി പ്രധാന പങ്കുവഹിച്ചിരുന്നു. അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ ഇറാന്റെ മധ്യസ്ഥനായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലാരിജാനിയുടെ മകൻ മുർത്തസ ലാരിജാനിയും ഓഫിസ് മേധാവി അലിരേസ ബയാത്ത്, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. അലി ലാരിജാനിയുടെ നിര്യാണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് മേഖലയിൽ ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഹുർമുസ് കടലിടുക്കിൽ ആക്രമണം തുടർന്ന് അമേരിക്ക; ഇറാന്റെ മിസൈൽ താവളങ്ങൾ ആക്രമിച്ചതായി യു.എസ് അവകാശവാദം
M
MadhyamamSource Link
about 2 months ago