തെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ജപ്പാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് അനുമതി നൽകാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ലോകത്തെ മിക്ക രാജ്യങ്ങൾക്കും ഇറാൻ വിലക്കേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ജപ്പാനുമായുള്ള ഈ നീക്കം ശ്രദ്ധേയമാകുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെ ഉദ്ധരിച്ച് ക്യോഡോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യൻ സംഘർഷം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ഇറാൻ ഇവിടെ ഏർപ്പെടുത്തിയ ഉപരോധം ദശകങ്ങളിലെ തന്നെ ഏറ്റവും വലിയ ആഗോള എണ്ണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. മാർച്ചിൽ യു.എസ് ഇറാനെ ആക്രമിച്ചതിനെ തുടർന്നാണ് ഈ മേഖലയിലെ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചത്. യു.എസിനും അതിന്റെ സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും പാത തുറന്നുകൊടുത്തിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാടെങ്കിലും, ആക്രമണ ഭീഷണി മൂലം കപ്പൽ ഗതാഗതം പകുതിയിലധികം കുറഞ്ഞു. നിലവിൽ ഇറാൻ പച്ചക്കൊടി കാട്ടിയ പ്രധാന രാജ്യങ്ങൾ ഇവയാണ്. ഇന്ത്യ: ഇന്ത്യൻ പതാക ഘടിപ്പിച്ച രണ്ട് എൽ.പി.ജി ടാങ്കറുകൾക്ക് ഇതിനകം അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിലുള്ള ചർച്ചക്ക് പിന്നാലെ കൂടുതൽ കപ്പലുകളെ കടത്തിവിടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ യാത്രക്കായി തയാറെടുക്കുന്നതായാണ് വിവരം. ചൈന: ചൈനയുടെ പതാകയുള്ള കപ്പലുകളെ ഇറാൻ കാര്യമായി തടയുന്നില്ല. മാർച്ചിൽ ഈ പാത കടന്നുപോയ കപ്പലുകളിൽ അഞ്ചിലൊന്നും ഇറാനുമായി ബന്ധമുള്ളവയോ ചൈനീസ് കപ്പലുകളോ ആയിരുന്നു. പാകിസ്താൻ: പാകിസ്ഥാന്റെ എണ്ണക്കപ്പലായ 'കറാച്ചി' മാർച്ച് 15ന് വിജയകരമായി ഈ പാത കടന്നുപോയി. തുർക്കി: ഇറാൻ തുറമുഖം ഉപയോഗിച്ച ഒരു തുർക്കി കപ്പലിന് ഇതിനകം അനുമതി ലഭിച്ചു. ബാക്കിയുള്ള കപ്പലുകൾക്കായി ചർച്ചകൾ നടക്കുന്നു. ജപ്പാൻ: നിലവിൽ ജപ്പാൻ കപ്പലുകളൊന്നും കടന്നുപോയിട്ടില്ലെങ്കിലും, അവർക്ക് അനുമതി നൽകാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസ്, ഇറ്റലി: തങ്ങളുടെ കപ്പലുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളും ഇറാനുമായി ചർച്ചകൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാർച്ച് 1 മുതൽ 15 വരെയുള്ള കാലയളവിൽ വെറും 90 കപ്പലുകൾ മാത്രമാണ് ഹുർമുസിലൂടെ കടന്നുപോയത്. ഓരോ കപ്പലിനും ഇറാൻ പ്രത്യേകമായി അനുമതി നൽകുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്.

ഹുർമുസ് കടലിടുക്കിൽ ആർക്കൊക്കെ അനുമതി? ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്
M
MadhyamamSource Link
about 2 months ago