ഹുർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; ‘സുരക്ഷക്ക് കപ്പലുകൾ പണം നൽകണം’

ഹുർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; ‘സുരക്ഷക്ക് കപ്പലുകൾ പണം നൽകണം’

M
MadhyamamSource Link
തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും ഫീസ് ഈടാക്കാനുള്ള കരട് നിയമത്തിന് ഇറാൻ പാർലമെന്റ് രൂപം നൽകുന്നു. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചെലവ് കണ്ടെത്തുന്നതിനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാനിയൻ വാർത്താ ഏജൻസികളായ ഫാർസ്, തസ്നീം എന്നിവയെ ഉദ്ധരിച്ച് അൽ ജസീറയാണ് ഈ വാർത്ത പുറത്തുവിട്ടത്. ‘മറ്റ് അന്താരാഷ്ട്ര പാതകളിലൂടെ ചരക്കുകൾ കടന്നുപോകുമ്പോൾ തീരുവ നൽകുന്നതുപോലെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രക്കും ഫീസ് നൽകുന്നത് സ്വാഭാവികമാണ്. ഈ പാതയുടെ സുരക്ഷ ഉറപ്പാക്കുന്നത് ഇറാനാണ്. അതിനുള്ള പ്രതിഫലം കപ്പലുകൾ നൽകേണ്ടതുണ്ട്’ എന്ന് ഇറാൻ പാർലമെന്ററി സമിതി അധ്യക്ഷൻ വ്യക്തമാക്കി. ലോകത്തെ മൊത്തം പെട്രോളിയം-ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹുർമുസ് കടലിടുക്കിലൂടെയാണ് . നിലവിലെ പശ്ചിമേഷ്യൻ സംഘർഷം കാരണം ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ എൽ.പി.ജി, ഇന്ധന വിതരണത്തെ ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിമാനക്കമ്പനികൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെ ഉയർന്ന ലോജിസ്റ്റിക് ചെലവ് കാരണം പ്രതിസന്ധിയിലാണ്. ട്രാക്ടറുകൾക്ക് ഡീസൽ ലഭിക്കാത്തത് കർഷകരെയും ബാധിക്കുന്നു. സംഘർഷം ജൂൺ വരെ നീളുകയാണെങ്കിൽ കോടിക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്ന് ലോക ഭക്ഷ്യ പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. ഇറാൻ സമാധാന ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങളെ ഭയന്ന് അത് പുറത്തു പറയുന്നില്ലെന്നുമാണ് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും സുഹൃദ് രാജ്യങ്ങൾ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും മിസൈൽ പരീക്ഷണങ്ങളും നിയന്ത്രിക്കാനുള്ള 15 ഇന നിർദേശങ്ങൾ അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. മേഖലയിൽ യു.എസ്-ഇറാൻ സൈനിക നീക്കങ്ങളും ശക്തമാണ്. ഇറാന്റെ നാവിക ശേഷിയുടെ 92 ശതമാനവും തകർത്തതായും മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവുണ്ടായതായും യു.എസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെട്ടു. ഇതിനിടെ കൂടുതൽ വ്യോമസേനയെ ഗൾഫ് മേഖലയിൽ വിന്യസിക്കാൻ പെന്റഗണും ആലോചിക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹുർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; ‘സുരക്ഷക്ക് കപ്… | Boolokam