ഹുർമുസ് കടലിടുക്കിൽ പ്രത്യേക അനുമതി ആവശ്യമില്ല, സുരക്ഷാ സാഹചര്യം വിലയിരുത്തി കപ്പൽ കമ്പനികൾക്ക് തീരുമാനമെടുക്കാമെന്ന് ഷിപ്പിങ് മന്ത്രാലയം

ഹുർമുസ് കടലിടുക്കിൽ പ്രത്യേക അനുമതി ആവശ്യമില്ല, സുരക്ഷാ സാഹചര്യം വിലയിരുത്തി കപ്പൽ കമ്പനികൾക്ക് തീരുമാനമെടുക്കാമെന്ന് ഷിപ്പിങ് മന്ത്രാലയം

M
MadhyamamSource Link
അന്താരാഷ്ട്ര തലത്തിൽ സംഘർഷം നിലനിൽക്കുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. ഹുർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ കപ്പലുകൾ സഞ്ചരിക്കാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഷിപ്പിങ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായി ഇറാനുമായി ഇന്ത്യ ഉന്നതതല നയതന്ത്ര ചർച്ചകൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. കടലിടുക്ക് ഇടുങ്ങിയതായതിനാൽ പ്രവേശനത്തിനും പുറത്തുകടക്കലിനുമുള്ള പാതകൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി കപ്പൽ എപ്പോൾ സഞ്ചരിക്കണമെന്ന് തീരുമാനിക്കുന്നത് അതത് ഷിപ്പിങ് കമ്പനികളാണ്. കപ്പലുകളുടെ സുരക്ഷിതമായ യാത്രക്കായി പണമോ മറ്റ് ഫീസുകളോ നൽകുന്നില്ലെന്നും രാജേഷ് കുമാർ സിൻഹ അറിയിച്ചു. തിങ്കളാഴ്ച രണ്ട് ഇന്ത്യൻ എൽ.പി.ജി ടാങ്കറുകൾ (പൈൻ ഗ്യാസ്, ജഗ് വസന്ത്) കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ജഗ് വസന്ത് മാർച്ച് 26ന് കണ്ട്‌ല തുറമുഖത്തെത്തും. പൈൻ ഗ്യാസ് മാർച്ച് 27ന് മംഗലാപുരം തുറമുഖത്തെത്തും. ഇവ രണ്ടും കൂടി ഏകദേശം 92,600 ടൺ എൽ.പി.ജി വഹിക്കുന്നുണ്ട്. ഇന്ത്യയുടെ ഒരു ദിവസത്തെ എൽ.പി.ജി ആവശ്യം ഏകദേശം 90,000 ടണ്ണാണ്. നിലവിൽ 540 ഇന്ത്യൻ ജീവനക്കാരുള്ള 20 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ എൽ.പി.ജി, ക്രൂഡ് ഓയിൽ, എൽ.എൻ.ജി ടാങ്കറുകൾ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലുകൾക്ക് യാത്രാ അനുമതി ലഭിച്ചത്. ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയിരുന്നു. ഓരോ കപ്പലിന്റെയും നീക്കം പ്രത്യേക സാഹചര്യമായാണ് കാണുന്നതെന്നും മൊത്തത്തിലുള്ള ഒരു കരാർ നിലവിലില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. അമേരിക്ക, ഇസ്രായേൽ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് മാത്രമാണ് നിയന്ത്രണമെന്നും മറ്റുള്ളവർക്ക് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്നും ഇറാൻ അറിയിച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഇറാൻ നിർദേശിക്കുന്നുണ്ട്. കപ്പലുകളിൽ നിന്ന് 20 ലക്ഷം ഡോളർ വാങ്ങുന്നു എന്ന വാർത്തകൾ ഇറാൻ എംബസി നിഷേധിച്ചു. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയിൽ ഹുർമുസ് കടലിടുക്കിന് വലിയ പ്രാധാന്യമുണ്ട്. എൽ.പി.ജിയുടെ 90% ഇറക്കുമതിയും ഈ പാതയിലൂടെയാണ്. ക്രൂഡ് ഓയിലിന്‍റെ 40% ഇറക്കുമതിയും എൽ.എൻ.ജിയുടെ55-60% ഇറക്കുമതിയും ഈ കടലിടുക്ക് വഴിയാണ്. സുരക്ഷാ കാരണങ്ങളാൽ സാധാരണ പാതക്ക് പകരം ഇറാന്റെ തീരദേശ കടലിലൂടെയുള്ള ദൈർഘ്യമേറിയ പാതയാണ് ഇപ്പോൾ കപ്പലുകൾ തിരഞ്ഞെടുക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹുർമുസ് കടലിടുക്കിൽ പ്രത്യേക അനുമതി ആവശ്യമില്ല, സുരക്ഷാ സാഹ… | Boolokam