തെഹ്റാൻ/തെൽ അവീവ്: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) നേവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസിലെ തീരദേശ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 28ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത് തങ്‌സിരിയായിരുന്നു. എന്നാൽ ഇറാനിയൻ സൈന്യമോ ഇസ്രായേൽ പ്രതിരോധ സേനയോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍റെ സമുദ്ര സുരക്ഷയിലും ഹുർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിലും നിർണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലിരേസ തങ്‌സിരി. ലോകത്തെ എണ്ണക്കടത്തിന്‍റെ സിരാകേന്ദ്രമായ ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ-ഇസ്രായേൽ കപ്പലുകളെ വെല്ലുവിളിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.അമേരിക്കയുമായി ഇറാൻ ചർച്ചകൾക്ക് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഞങ്ങൾ വലിയ വിജയം നേടുകയാണന്നും അവർ കരാറിനായി ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്‍റെ പ്രസ്താവന ഇറാൻ നിഷേധിച്ചു. അമേരിക്കയുടെ 15 ഇന വെടിനിർത്തൽ കരാർ തള്ളിയ ഇറാൻ സ്വന്തം നിബന്ധനകൾ മുന്നോട്ടുവെച്ചു. ഹിസ്ബുല്ലയും ഹൂതികളും ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹുർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കാൻ ഇറാൻ തീരുമാനിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരും. ഇത് പ്രവാസികളെയും നാട്ടിലെ സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. എന്നാൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങൾക്ക് ഇറാൻ അനുമതി നൽകിയിട്ടുണ്ട്. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഇവിടെ പ്രവേശനം അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബില്ലും ഇറാൻ പാർലമെന്‍റിന്‍റെ പരിഗണനയിലാണ്. തൻക്സീരി: ഇറാൻ നാവിക സേനയുടെ കരുത്ത് തെഹ്റാൻ: ഇസ്രായേൽ വധിച്ചെന്ന് അവകാശപ്പെടുന്ന ഇറാൻ റവലൂഷനറി ഗാർഡ്സ് നാവിക സേന തലവൻ അലിറിസ തൻക്സീരി അറിയപ്പെടുന്നത് ഇറാൻ നാവിക സേനയെ രൂപപ്പെടുത്തിയ ബുദ്ധികേന്ദ്രമായി. നാവിക സേനയുടെ ശേഷി ഉയർത്തുന്നതിനും മേഖലയിൽ ഇറാൻ നാവികസേനയെ കരുത്തുറ്റ ഒന്നാക്കി മുന്നിൽനിർത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. നാവിക ആവശ്യങ്ങൾക്ക് ഡ്രോണുകൾ വികസിപ്പിച്ചതും തൻക്സീരിയാണ്. ബന്ദർ അബ്ബാസ് പട്ടണത്തിൽ ഹുർമുസ് കടലിടുക്ക് അടക്കുന്നതുമായി ബന്ധപ്പെട്ട ഇറാൻ സർക്കാർ നടപടികൾക്ക് മേൽനോട്ടം വഹിച്ചാണ് തൻക്സീരി അവിടെ തമ്പടിച്ചിരുന്നതെന്നാണ് സൂചന. മുതിർന്ന നാവിക ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഹുർമുസ് കടന്നുപോകുന്ന കപ്പലുകളെ കുറിച്ച വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ആയത്തുല്ല അലി ഖാംനഈ നിയമിച്ച വിശ്വസ്തനായ തൻക്സീരി ഇറാൻ ഭരണകൂടം ഏറെ ആശ്രയിച്ച മുൻനിര ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷാദ്യവും വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതായിരുന്നു അദ്ദേഹം. വെടിനിർത്തലിന് അമേരിക്ക ശ്രമം ശക്തമാക്കുന്നുവെന്ന ട്രംപിന്‍റെ പ്രഖ്യാപനങ്ങൾക്കിടെ ഒരു പ്രമുഖൻ കൂടി കൊല്ലപ്പെടുന്നത് ഇറാന് ക്ഷീണമുണ്ടാക്കുമെങ്കിലും മറികടക്കാവുന്ന ശക്തമായ ഭരണസംവിധാനം ഇപ്പോഴും രാജ്യത്തിനുണ്ട്.

ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഐ.ആർ.ജി.സി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ, യുദ്ധം കടുക്കുന്നു
M
MadhyamamSource Link
about 1 month ago