ഹുർമുസ് തുറന്നത് കുവൈത്തിന് ആശ്വാസം; ചരക്ക് നീക്കം സാധാരണനിലയിലാകും

ഹുർമുസ് തുറന്നത് കുവൈത്തിന് ആശ്വാസം; ചരക്ക് നീക്കം സാധാരണനിലയിലാകും

കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി വീണ്ടും തുറന്നത് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസമാകും. ഇതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കം സാധാരണനിലയിലേക്ക് നീങ്ങുകയും വിവിധ രാജ്യങ്ങളിലെ അവശ്യവസ്തുക്കളുടെ ലഭ്യതകുറവ് പരിഹരിക്കപ്പെടുകയും ചെയ്യും. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന,വാതക കയറ്റുമതിയും പഴയ നിലയിലേക്ക് തിരിച്ചെത്തിയാൽ ലോകം അഭിമുഖീകരിക്കുന്ന വലിയ രൂപത്തിലുള്ള ഊർജ്ജപ്രതിസന്ധിക്കും പരിഹാരമാകും. കപ്പൽ ഗതാഗതം താറുമാറായതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റു അവശ്യവസ്തുക്കളുടെയും ലഭ്യതകുറവ് പല രാജ്യങ്ങളിലും നേരിട്ടിരുന്നു. വ്യാപാരസഥാപനങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പല വസ്തുക്കളുടെയും വില വർധനവിനും ഇത് കാരണമായി. ഹുർമുസ് തുറക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതി പഴയ നിലയിൽ ആകുകയും ഡിമാന്റ് കുറയുകയും ചെയ്യും. ഫെബ്രുവരി 28 ആരംഭിച്ച യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിറകെയാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ലബനാനിൽ വെടിനിർത്തൽ നിലവിൽവന്നതിനു പിന്നാലെയാണ് ഹുർമുസ് പൂർണമായി ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി വ്യക്തമാക്കിയത്. ലബനാനിലെ വെടിനിർത്തൽ കാലയളവിൽ ഹുർമുസ് കടലിടുക്കിലൂടെ എല്ലാ വാണിജ്യ കപ്പലുകൾക്കും സഞ്ചരിക്കുന്നതിന് പൂർണ അനുമതി നൽകിയതായി അറാഗ്ച്ചി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഹുർമുസ് കടലിടുക്ക് പൂർണമായും തുറന്നതായും കപ്പലുകൾക്ക് കടന്നുപോകാൻ തയാറാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇതോടെ യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി. ഏപ്രിൽ 22 അവസാനിക്കുന്ന വെടിനിർത്തൽ നീട്ടാനും ഇതു വഴി സാധ്യത തെളിഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹുർമുസ് തുറന്നത് കുവൈത്തിന് ആശ്വാസം; ചരക്ക് നീക്കം സാധാരണനി… | Boolokam