മുംബൈ: ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിനായി കൊളസ്ട്രോൾ നിയന്ത്രണത്തിൽ നിർണായക മാറ്റങ്ങളുമായി പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് പരിഷ്കരിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗം വന്നതിന് ശേഷമുള്ള ചികിത്സയേക്കാൾ, പ്രതിരോധത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ രീതി. ഇതനുസരിച്ച് കൊളസ്ട്രോൾ പരിശോധനകൾ 20 വയസ്സിൽ തന്നെ ആരംഭിക്കണമെന്നും ജീവിതശൈലിയിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് പ്രധാന കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ (എൽ.ഡി.എൽ) രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ചെറുപ്പത്തിൽ തന്നെ പരിശോധനകൾ തുടങ്ങണം. കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവർക്ക് ഇത് ഏറെ പ്രധാനമാണ്. കേവലം കൊളസ്ട്രോൾ നില പരിശോധിക്കുന്നതിന് പകരം രോഗിയുടെ പ്രായം, ജീവിതശൈലി, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചുള്ള 'പേഴ്സണലൈസ്ഡ് റിസ്ക് അസസ്‌മെന്റ്' രീതിയാണ് ഇനി പിന്തുടരുക. കൗമാരപ്രായത്തിൽ തന്നെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഭാവിയിലെ ഹൃദ്രോഗ സാധ്യതകൾ വലിയ തോതിൽ കുറയ്ക്കുമെന്ന് കാർഡിയോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. മരുന്നുകൾക്കൊപ്പം തന്നെ കൃത്യമായ വ്യായാമം, സന്തുലിത ആഹാരം, മതിയായ ഉറക്കം, പുകവലി ഒഴിവാക്കൽ എന്നിവയും ഹൃദയാരോഗ്യത്തിന് അനിവാര്യമാണെന്ന് പുതിയ മാർഗനിർദേശങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഹൃദയാരോഗ്യത്തിന് പുതിയ മാർഗനിർദേശങ്ങൾ; കൊളസ്ട്രോൾ പരിശോധന ഇനി നേരത്തെ തുടങ്ങണം എന്ന് പഠനങ്ങൾ
M
MadhyamamSource Link
about 1 month ago