ഹൈകോടതികൾ മുതൽ സ്കൂളുകൾ വരെ; 1,100 വ്യാജ ബോംബ് ഭീഷണികൾ അയച്ച മൈസൂരു സ്വദേശി പിടിയിൽ

ഹൈകോടതികൾ മുതൽ സ്കൂളുകൾ വരെ; 1,100 വ്യാജ ബോംബ് ഭീഷണികൾ അയച്ച മൈസൂരു സ്വദേശി പിടിയിൽ

M
MadhyamamSource Link
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈകോടതികൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച 47കാരൻ പിടിയിൽ. മൈസൂരു സ്വദേശിയായ ശ്രീനിവാസ് ലൂയിസിനെയാണ് ഡൽഹി പൊലീസും കർണാടക പൊലീസും ചേർന്ന് പിടികൂടിയത്. മൈസൂരുവിലെ വാടകവീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹി ഹൈകോടതി, നിയമസഭ, പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തുടർച്ചയായി ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പലയിടങ്ങളിലും സുരക്ഷ കർശനമാക്കുകയും ആളുകളെ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. ഡൽഹി ഹൈകോടതി യിലെ ഒരു ജഡ്ജി നേരിട്ട് പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. ബംഗളൂരു സ്വദേശിയായ ശ്രീനിവാസ് ലൂയിസ് ബിരുദാനന്തര ബിരുദധാരിയാണ്. നിലവിൽ ജോലിയൊന്നുമില്ലാത്ത ഇയാൾ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ മാതാവിനൊപ്പമാണ് മൈസൂരുവിൽ താമസിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രമുഖ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചതിലൂടെ പരമാവധി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാളുടെ പക്കൽ നിന്നും ലാപ്ടോപ്പും നിരവധി സിം കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇമെയിൽ വഴിയും മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയുമാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2025 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്തെ വിവിധ സ്കൂളുകളിലായി 600 മുതൽ 700 വരെ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 500ലധികം കേസുകളും ഡൽഹി-എൻ.സി.ആർ മേഖലയിലായിരുന്നു. 2025 സെപ്റ്റംബറിൽ ഒരൊറ്റ ദിവസം തന്നെ ഡൽഹിയിലെ 300ഓളം സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത് വലിയ വാർത്തയായിരുന്നു. മൈസൂരു കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടുവരും. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നും കൃത്യമായ ലക്ഷ്യം എന്താണെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൈകോടതികൾ മുതൽ സ്കൂളുകൾ വരെ; 1,100 വ്യാജ ബോംബ് ഭീഷണികൾ അയച്… | Boolokam