ഹൊറർ ഫൺ റൈഡുമായി പ്രിയൻ-അക്ഷയ് കോമ്പോ, തരംഗമായി 'ഭൂത് ബംഗ്ല'; ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണം

ഹൊറർ ഫൺ റൈഡുമായി പ്രിയൻ-അക്ഷയ് കോമ്പോ, തരംഗമായി 'ഭൂത് ബംഗ്ല'; ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണം

അക്ഷയ് കുമാർ ആരാധകർക്കും കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഒരു ടോട്ടൽ ഹൊറർ ഫൺ റൈഡ്. പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച 'ഭൂത് ബംഗ്ല' തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൊററും കോമഡിയും കൃത്യമായി സമന്വയിപ്പിക്കുന്നതിൽ പ്രിയദർശൻ വീണ്ടും വിജയിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും ശ്രദ്ധേയ നിരൂപകരും ചിത്രത്തിന് അഞ്ചിൽ 4 റേറ്റിങ്ങും 3.5 റേറ്റിങ്ങുമാണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേസമയം മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഏവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. കോമഡി രംഗങ്ങളിൽ അക്ഷയ് കുമാർ, രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരുടെ കെമിസ്ട്രിയേയും ഏവരും പുകഴ്ത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഈ മൂവർസംഘത്തെ സ്ക്രീനിൽ ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് വലിയൊരു ചിരിവിരുന്നായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വെറും തമാശ മാത്രമല്ല, സസ്പെൻസും ആക്ഷനും കൃത്യമായ അളവിൽ സിനിമയിൽ പ്രിയൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ഏവരും എടുത്തുപറയുന്നുണ്ട്. ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വലിയൊരു സർപ്രൈസ് അവിടെ ഒളിഞ്ഞിരിപ്പുണ്ടെന്നുമാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏവരേയും പൊട്ടിച്ചിരിപ്പിച്ച ' ഹേര ഫേരി ', 'ഗരം മസാല', 'ഭൂൽ ഭുലയ്യ' എന്നീ ചിത്രങ്ങളുടെ ആ പഴയ മാജിക് 'ഭൂത് ബംഗ്ല'യിലൂടെ തിരിച്ചെത്തിയിരിക്കുകയാണെന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടം കൊയ്യുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. വെറുമൊരു ഹൊറർ കോമഡി മാത്രമല്ല, മറിച്ച് ആഴത്തിലുള്ള കഥാപരിസരമുള്ള ഒരു അമാനുഷിക ത്രില്ലറാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 14 വർഷത്തിന് ശേഷമാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. മുമ്പ് ഇരുവരും ഒന്നിച്ച 7 ചിത്രങ്ങളും വൻ വിജയമായിരുന്നു. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!